ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുേമ്പാഴും കേരളം കേന്ദ്രനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ കോവിഡ് വ്യാപനം അയൽ സംസ്ഥാനങ്ങളെ ബാധിച്ചതായും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
14 ശതമാനം മുതൽ 19 ശതമാനം വരെയാണ് കേരളത്തിലെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). എന്നാൽ, ദേശീയതലത്തിൽ ഇത് മൂന്ന് ശതമാനത്തിൽ താഴെയാണ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കേരളം നല്ല രീതിയിൽ ലോക്ഡൗൺ നടപ്പിലാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്.
രോഗമുക്തരാകുന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നില്ല. ജില്ല അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾക്ക് പകരം മൈക്രോ കണ്ടെയ്ൻമെൻറ് സോണുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണം തുടരണം. ഡൽഹിയിൽ ഇത്തരത്തിലാണ് കോവിഡ് വ്യാപനം നിയന്ത്രിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ പകുതിയോടെ കേരളത്തിൽ കേസുകൾ കുറഞ്ഞുതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 41,965 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 30,203 പേരും കേരളത്തിൽനിന്നാണ്. മൊത്തം രോഗികളുടെ 72 ശതമാനമാണ് സംസ്ഥാനത്തെ രോഗികൾ. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 11,762 പേർ മാത്രമാണ് അസുഖബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.