കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണറുടെ കൈവശമുള്ള രേഖകൾ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
ഡോ. ഗോപിനാഥ് രവീന്ദ്രെൻറ നിയമനം സർവകലാശാല ആക്ടിന് വിരുദ്ധമായതിനാൽ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് ഉപഹരജിയുമായി എത്തിയിരിക്കുന്നത്.
ഡോ. ഗോപിനാഥിെൻറ നിയമനം ചോദ്യം ചെയ്ത് നേരേത്ത നൽകിയ ഹരജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈ ഹരജിയിൽ വിധി പറയും മുമ്പ് നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പക്കലുള്ള രേഖകൾ പരിശോധിക്കണമെന്നാണ് ആവശ്യം.
വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് മേൽ സമ്മർദമുണ്ടായി എന്ന് വ്യക്തമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാവില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് സമാന്തര വിചാരണ സാധ്യമല്ല. മാധ്യമങ്ങൾ വസ്തുതകളുടെ വിശദാംശങ്ങളാണ് നൽകുന്നത്. സ്വന്തം അഭിപ്രായപ്രകടനങ്ങൾ ചേർത്ത് വ്യാഖ്യാനം നടത്തുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.