റാന്നി: റാന്നി വലിയകലുങ്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെപ്പ് നൽകി. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ വന്നയാൾ കുത്തിവെപ്പ് നൽകിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയെ ഇയാൾ കുത്തിവെച്ചത്. റാന്നി ഗവ. ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവെപ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏൽപ്പിക്കുകയും ചെയ്തു. വെള്ള സ്കൂട്ടറിലാണ് ഇയാൾ വന്നത്.
പിന്നീട്, സംശയം തോന്നിയ ചിന്നമ്മ അയൽവാസിയോട് വിവരം പറയുകയും ഇവർ വാർഡ് മെമ്പർ മിനി തോമസിനെ അറിയിക്കുകയുമായിരുന്നു. പഞ്ചായത്തിലും ആശുപത്രിയിലും ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ കുത്തിവെപ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
ചിന്നമ്മ ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കളുണ്ട്. വാർഡ് മെമ്പർ സഹോദരിയെ വിളിച്ചു വരുത്തി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ല. റാന്നി പൊലീസെത്തി ചിന്നമ്മയുടെ മൊഴിയെടുത്തു. കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.