ഇരവിപുരം: നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കി. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 165- ഉണ്ണിനിവാസിൽ ഉണ്ണിമുരുകൻ(29) ആണ് തടവിലായത്.
2019 മുതൽ കൊല്ലത്തും സമീപ ജില്ലകളിലുമായി പത്തോളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതിൽ രണ്ട് കേസുകളിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. കൊല്ലം ഈസ്റ്റ്, ഏനാത്ത്, കൊല്ലം വെസ്റ്റ്, ഇരവിപുരം, തമ്പാനൂർ, കൊട്ടിയം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ മോഷണ കേസുകൾ ഉണ്ട്.
ഫോൺ മോഷണവും ഇരുചക്രവാഹന മോഷണവും വാഹനങ്ങളുടെ ബാറ്ററി മോഷണവുമാണ് ഇയാൾ നടത്തിയിട്ടുള്ളത്.
ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ജനത്തിന്റെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം 2023ൽ 51 പേരെയാണ് സിറ്റി പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ഈ വർഷവും കാപ്പാ നിയമപ്രകാരം കുറ്റവാളികൾ ക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ വിവേക് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.