കൊച്ചി: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിയായിരുന്ന മുൻ ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൽ റഷീദിന് ഐ.പി.എസ് നൽകിയതിനെതിരെ ഹൈകോടതിയിൽ ഹരജി. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് ഐ.പി.എസ് നൽകുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് കാട്ടി മുതിർന്ന പത്രപ്രവർത്തകൻ ജി. വിപിനനാണ് പൊതുതാൽപര്യ ഹരജി നൽകിയത്.
വിചാരണക്കോടതി അബ്ദുൽ റഷീദിനെ കുറ്റമുക്തനാക്കിയെങ്കിലും ഇതിനെതിരായ ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ഐ.പി.എസ് നൽകാനാവില്ലെന്നാണ് ഹരജിയിലെ വാദം. ഐ.പി.എസിന് പരിഗണിക്കാനാവില്ലെന്ന് യു.പി.എസ്.സിയുടെ സെലക്ഷൻ കമ്മിറ്റി രണ്ടുതവണ വ്യക്തമാക്കി അപേക്ഷ നിരസിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ഹരജിക്കാരൻ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.
സെലക്ഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഈ ഘട്ടത്തിൽ ഹരജി നിലനിൽക്കില്ലെന്നും യു.പി.എസ്.സി അറിയിച്ചതിനെ തുടർന്നായിരുന്നു ഹരജി തള്ളിയത്. എന്നാൽ, ഇതിനുശേഷം ഇദ്ദേഹത്തിന് ഐ.പി.എസ് നൽകുകയും നവംബർ 17ന് സംസ്ഥാന സർക്കാർ നിയമനം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ നടപടി റദ്ദാക്കണമെന്നും ഐ.പി.എസ് ലഭിക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. ഐ.പി.എസ് നൽകിയുള്ള ഉത്തരവും നിയമന ഉത്തരവും സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.