തിരുവനന്തപുരം: ഒന്നര വർഷത്തെ പെൻഷൻ കുടിശ്ശിക ചൂണ്ടിക്കാട്ടി ആശ വർക്കർമാർക്ക് പിന്നാലെ, അസംഘടിത തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്. നിർമാണ, തയ്യൽ തൊഴിലാളി തുടങ്ങി അസംഘടിത തൊഴിലാളികളുടെ 32ഓളം ക്ഷേമനിധിയിലാണ് വലിയ തുക കുടിശ്ശിക. മാസംതോറും തൊഴിലാളികളിൽനിന്ന് അംശാദായമായും ക്ഷേമനിധി സെസായും ലക്ഷങ്ങൾ പിരിക്കുമ്പോഴാണിത്.
നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന 24ലധികം വിഭാഗം തൊഴിലാളികൾക്കായുള്ള കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വെൽഫെയർ ഫണ്ട് ബോർഡിൽ 21 ലക്ഷത്തിലധികം അംഗങ്ങൾ മാസം 50 രൂപ വീതം അംശാദായം അടക്കുന്നുണ്ടെങ്കിലും 17 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ചികിത്സ, വിവാഹം, പ്രസവം, വിദ്യാഭ്യാസം, മരണം, മരണാനന്തര ആനുകൂല്യങ്ങളും ഒരു വർഷമായി കുടിശ്ശികയാണ്. ക്ഷേമനിധി അംഗങ്ങൾ 60 വയസ്സിൽ പിരിയുമ്പോൾ ലഭിക്കേണ്ട റീ ഫണ്ട് തുകയും 17 മാസമായി നൽകിയിട്ടില്ല. 12 ലക്ഷത്തിലധികം അംഗങ്ങളുള്ള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലും പെൻഷൻ, പ്രസവാനുകൂല്യങ്ങൾ എട്ടു മാസമായി കുടിശ്ശികയാണ്. ഈ ക്ഷേമനിധിയിൽ 95 ശതമാനം അംഗങ്ങളും സ്ത്രീകളാണ്. ഇവിടെ പ്രസവാനുകൂല്യത്തിന്റെ രണ്ടാം ഗഡുവായ 13,000 രൂപ 26 മാസമായി കുടിശ്ശികയാണ്.
ഇക്കാര്യങ്ങളുന്നയിച്ച് 140 എം.എൽ.എമാർക്കും അവകാശ പത്രിക സമർപ്പിച്ച് പ്രക്ഷോഭം തുടങ്ങുമെന്ന് ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി പറഞ്ഞു. ക്ഷേമനിധി അംഗങ്ങൾക്ക് ഇ.എസ്.ഐ പരിരക്ഷക്ക് നിയമനിർമാണം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിയവ 25,000 രൂപയായി വർധിപ്പിക്കുക, ലക്ഷം രൂപ ഗ്രാറ്റ്വിറ്റി അനുവദിക്കുക, ക്ഷേമനിധി സെസ് പിരിക്കുന്നതിന് തൊഴിലാളി യൂനിയൻ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സമിതി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശ പത്രികയെന്ന് ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.