കുമളി: ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി പരത്തിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ ചാടിയ കടുവക്ക് നേരെ വെടിവെച്ചിരുന്നു. ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞടുത്ത കടുവയെ സ്വയംരക്ഷ കണക്കിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് കടുവ ചത്തത്.
കടുവയെ മയക്കുവെടിവെച്ച് തേക്കടിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ആദ്യത്തെ മയക്കുവെടിക്കു ശേഷമായിരുന്നു കടുവ വനംവകുപ്പ് അധികൃതരെ ആക്രമിക്കാൻ ശ്രമിച്ചത്. അതിനു ശേഷം കടുവക്കു നേരെ വെടിയുതിർക്കുകയായിരുന്നു. നിലത്തുവീണ കടുവയെ കൂട്ടിലാക്കാൻ ശ്രമിക്കാതെ വലയിൽ പൊതിഞ്ഞുകൊണ്ടുപോവുകയായിരുന്നു.
കടുവയെ മയക്കുവെടിവെക്കാൻ രാവിലെ മുതൽ ദൗത്യം തുടരുകയായിരുന്നു. വലിയ തിരച്ചിൽ നടത്തിയിട്ടും കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെ, ഇന്ന് പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിയിലെത്തിയ കടുവ പ്രദേശവാസികളുടെ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്നിരുന്നു. സമീപത്തുള്ള ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.
ലയത്തിനോട് ചേർന്ന വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാൽ അവിടെ വെച്ച് മയക്കുവെടി വെക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് മയക്കു വെടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.