പുനലൂർ: അശാസ്ത്രീയമായ നിർമാണവും നിയന്ത്രണങ്ങളില്ലാത്തതും കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ വാഹനാപകടം പതിവാക്കുന്നു. അപകടം ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ഉൾപ്പെടെ പദ്ധതി തയാറാക്കിയത് ഇനിയും പ്രാവർത്തികമാകാത്തതാണ് കാൽനടയാത്രക്കാരെയടക്കം ദുരിതത്തിലാഴ്ത്തുന്നതും ദിവസവും അപകടം ഉണ്ടാകുന്നതും.
അവസാനമായി ബസ് ഡിപ്പോക്ക് മുന്നിൽ ശനിയാഴ്ച ഒരു വീട്ടമ്മക്ക് കാലിലൂടെ തമിഴ്നാട് ബസ് കയറി ഗുരുതരമായി പരിക്കേറ്റിരുന്നു. മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇവിടുള്ള ദേശീയപാതയടക്കം റോഡുകളിൽ അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതും നിർമാണത്തിലെ അപാകതയുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
ഡിപ്പോയിലേക്കുള്ള പ്രവേശന കവാടം മലയോര ഹൈവേയിൽനിന്ന് ഒരു ഭാഗത്തുകൂടി വലിയ വളവും കുത്തിറക്കവുമായതാണ് അപകടത്തിന് ഇടയാക്കുന്നത്. മൂന്ന് റോഡിൽ നിന്നാണ് ഒരേസമയം ഡിപ്പോയിലേക്ക് ബസുകൾ കയറുന്നത്. ദേശീയപാതയിൽ വലിയ പാലം കഴിഞ്ഞുവരുന്ന ബസുകൾ ഇറക്കവും വളവും കഴിഞ്ഞ് ഡിപ്പോയിലേക്ക് കയറുമ്പോൾ ഇതുവഴി വരുന്ന കാൽനടക്കാരെ ഇടിച്ചിടുന്ന സാഹചര്യമാണ്.
മിക്ക ഡ്രൈവർമാരും ഈ ഭാഗത്ത് ഡിപ്പോയിലേക്ക് ബസുകൾ കയറുന്നതിനുള്ള വേഗനിയന്ത്രണം പാലിക്കാതെ അമിതവേഗത്തിൽ വളവും ഇറക്കവും ഇറങ്ങി ഡിപ്പോയിലേക്ക് കയറുന്നതോടെ അപകടം ഉണ്ടാകുന്നു. സുരക്ഷക്കായി ഈ ഭാഗത്ത് കെ.എസ്.ആർ.ടി.സിയുടെ സെക്യൂരിറ്റിെയയോ പൊലീസിനെയോ നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല. ഡിപ്പോയിലേക്ക് വരുന്നവരും പോകുന്നവരും അല്ലാതെ മെയിൻ റോഡിലൂടെയുള്ള കാൽനടക്കാരും അപകടത്തിലാകുന്നു.
വലിയ പാലം വഴിയും അഞ്ചൽ, കൊട്ടാരക്കര ഭാഗത്തുനിന്നും ഒരേസമയം ഡിപ്പോയിലേക്ക് ബസുകൾ വരുന്നത് നിയന്ത്രിക്കാനും നടപടിയില്ല. മലയോര ഹൈവേയിലൂടെ വാഹനങ്ങളുടെ അമിതവേഗവും ഡിപ്പോക്ക് മുന്നിലെ ഓട്ടോകൾ നിയന്ത്രണമില്ലാതെ ആളുകളെ കയറ്റി ഇറക്കുന്നതും ആരും തടയാനില്ല. ജങ്ഷനിലെ തിരക്കും അപകടങ്ങളും ഒഴിവാക്കാൻ ശാസ്ത്രീയമായ ട്രാഫിക് സംവിധാനവും കാൽനടക്കാർക്കുള്ള ഫ്ലൈഓവറും നിർമിക്കാൻ അധികൃതർ പലതവണ പരിശോധനയും പദ്ധതി തയാറാക്കലും നടത്തിയല്ലാതെ പ്രാവർത്തികമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.