കാലടി: മലയാറ്റൂരിൽനിന്ന് ഡൽഹിയിലേക്ക് യാത്രയാകുമ്പോൾ നവീൻ ഡെൽവിന്റെ മനസ്സ് നിറയെ ഗവേഷണവും സിവിൽ സർവിസുമായിരുന്നു. ഡൽഹിയിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയ മഴവെള്ളത്തിൽ പൊലിഞ്ഞത് ഈ സ്വപ്നങ്ങൾകൂടിയായിരുന്നു.
നവീന്റെ വിയോഗവാർത്ത നാടിനും വീടിനും തീരാനോവായി. സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ടിൽ നവീൻ മുങ്ങിമരിച്ചെന്ന വാർത്ത കുടുംബത്തിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ജെ.എൻ.യുവിൽ ഗവേഷക വിദ്യാർഥിയായ നവീൻ ഇതിനൊപ്പം സിവിൽ സർവിസ് പരിശീലനത്തിനും ചേരുകയായിരുന്നു.
ഞായറാഴ്ച രാവിലെ ആലുവ സി.എസ്.ഐ പള്ളിയിൽ പ്രാർഥനക്കിടെയാണ് മാതാപിതാക്കളെത്തേടി ദുഃഖവാർത്ത എത്തുന്നത്. ഇത് താങ്ങാനാകാതെ ഇരുവർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതിനിടെ വിവരമറിഞ്ഞ് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയനേതാക്കളും മാധ്യമപ്രവർത്തകരും പൊലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മുണ്ടങ്ങാമറ്റത്തെ വീട്ടിലെത്തി. ഒരു ബന്ധു മാത്രമാണ് അപ്പോൾ സ്ഥലത്തുണ്ടായിരുന്നത്. വൈകീട്ട് മൂന്നോടെയാണ് മാതാപിതാക്കൾ വീട്ടിലെത്തിയത്.
എല്ലാ ശനി, ഞായർ ദിവസങ്ങളിലും മാതാപിതാക്കളെ ഫോണിൽ മണിക്കൂറുകളോളം നവീൻ സംസാരിക്കുമായിരുന്നു.
എന്നാൽ, ശനിയാഴ്ച വിളിച്ചിരുന്നില്ല. ഇനി ആ വിളി എത്തില്ലെന്ന് മാതാവ് ലാൻസ്ലെറ്റ് വിലപിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തിയവർക്കായില്ല. പ്രതിസന്ധികളിൽ തളരാത്ത പിതാവ് ഡെൽവിൻ സുരേഷ് തകർന്നിരുന്നത് കണ്ണീർക്കാഴ്ചയായി. എട്ടുവർഷം മുമ്പാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ കുടുംബം ഇവിടെ വീട് വാങ്ങി താമസം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.