നൂതന ആശയങ്ങളുമായി അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ്

കൊച്ചി: നഗരഗതാഗത രംഗത്തെ നൂതന ആശയങ്ങൾ സമ്മേളിച്ച് 15ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന് കൊച്ചിയിൽ തുടക്കം. ഞായറാഴ്ച വരെ നീളുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഓൺലൈനായാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസിനോടനുബന്ധിച്ച് എക്സിബിഷനും ഒരുക്കിയിട്ടുണ്ട്.

ഉയർന്ന ജനസാന്ദ്രതയും വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് നഗരഗതാഗതത്തിൽ കേരളം പുതിയ ആശയങ്ങൾ രൂപവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംയോജിത ഗതാഗത സംവിധാനങ്ങൾക്കുവേണ്ടി ശ്രദ്ധേയമായ ചുവടുവെപ്പുകളാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. കൊച്ചി മെട്രോ, ജലമെട്രോ, ഫീഡർ ബസ് സർവിസുകൾ എന്നിവ ഒരുമിപ്പിച്ച് കൊച്ചിയിൽ ശ്രദ്ധേയമായ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് അസംസ്‌കൃത എണ്ണയിൽനിന്നുള്ള ഇന്ധന ഉപഭോഗം പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ എന്നത് അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഏഴ് ദശലക്ഷമായി ഉയർന്നേക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി വിശദീകരിച്ചു. രാജ്യത്ത് പ്രതിദിനം ആറുകോടി ആളുകളാണ് വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിന് പെട്രോൾ പമ്പുകളിലെത്തുന്നത്. ഇന്ധന ആവശ്യകതയുടെ ആഗോള വളർച്ചാനിരക്ക് ഒരു ശതമാനവും ഇന്ത്യയുടേത് മൂന്ന് ശതമാനവുമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽതന്നെ 20 ശതമാനം ജൈവ ഇന്ധന മിശ്രണം കൈവരിക്കാൻ രാജ്യം സജ്ജമാണ്. 10 ശതമാനം ജൈവ ഇന്ധന മിശ്രിതം കഴിഞ്ഞ വർഷം രാജ്യത്തിന് 40,000 കോടിയുടെ ലാഭമുണ്ടാക്കി. നഗരങ്ങളിലെ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൽ കൊച്ചി മാതൃകയാണ്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം പ്രശംസനീയമാണ്.

കൊച്ചി ജലമെട്രോ പദ്ധതിയെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. 2047 ലക്ഷ്യമിട്ട് രാജ്യത്തെ നഗരഗതാഗതത്തിന് കർമപദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ, മുൻ എം.ഡി ഏലിയാസ് ജോർജ്, നഗരകാര്യ മന്ത്രാലയ അഡീ. സെക്രട്ടറി സുരേന്ദ്രകുമാർ ഭഗ്‌ഡെ, ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Urban Mobility India Conference with innovative ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.