കൊല്ലം: അഞ്ചലിൽ ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്രയെ കടിച്ച മൂർഖന്‍റെ ഡി.എൻ.എ പരിശോധിക്കുമെന്ന് ഡി.ജി.പി. ഉത്രയുടെ അഞ്ചലിലെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്‍റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധന തുടങ്ങിയിരുന്നു. എന്നാൽ ഈ പാമ്പ് കടിച്ച് തന്നെയാണോ ഉത്ര മരിച്ചതെന്നറിയാനാണ് പാമ്പിന്‍റെ ഡി.എൻ.എ പരിശോധിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ഹൈദരാബോദിലോ പൂനെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളിൽ എല്ലാ ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ തന്നെയാണെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ സ്ഥിരീകരിച്ചു. പാമ്പിനെ പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ആവശ്യമായ തെളിവ് കിട്ടി. വിഷപ്പല്ല് കിട്ടി. പാമ്പിന്‍റെ മാംസം ജീർണിച്ച അവസ്ഥയിലായിരുന്നു.
ഉത്രയെ കടിച്ച കരിമൂർഖനെ സഹോദരൻ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. കൊലപാതകക്കേസിൽ പാമ്പിന്‍റെ പോസ്റ്റ്മോർട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യകേസായിരിക്കും ഇത്. പാമ്പിന്‍റെ വിഷവും ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
പാമ്പിന്‍റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്‍റെ പോസ്റ്റ് മോർട്ടത്തിൽ പരിശോധനാ വിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.