തിരുവനന്തപുരം: അഞ്ചൽ ഏറത്ത് യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സൂരജിെൻറ കുടുംബാംഗങ്ങൾക്കെതിരെ വിശദ അന്വേഷണം നടത്തി കടുത്ത നടപടി സ്വീകരിക്കാൻ വനിത കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ നിർദേശിച്ചു. ഈ ആവശ്യമുന്നയിച്ച് വനിത കമീഷൻ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകി.
കുടുംബാംഗങ്ങൾക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചവരുടെ പങ്ക് പുറത്തുകൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ഉത്രയുടെ ഭർത്താവ് സൂരജ്, സൂരജിെൻറ പിതാവ്, മാതാവ്, സഹോദരി എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി വനിത കമീഷൻ നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സൂരജിന് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്തം കൊല്ലം, പത്തനംതിട്ട ജില്ല പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വനിത കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.