തിരുവനന്തപുരം: പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മകളായി പി. ജയചന്ദ്രന്‍ മടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. അഞ്ച് പതിറ്റാണ്ടു കാലമാണ് ജയചന്ദ്രന്‍ മലയാളികളെ വിസ്മയിപ്പിച്ചത്. സവിശേഷമായ ആലാപന ശൈലി ജയചന്ദ്രന് മാത്രം അവകാശപ്പെട്ടതാണ്. അത് ആര്‍ക്കും അനുകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കും വായോധികര്‍ക്കും മനസില്‍ സൂക്ഷിക്കാന്‍ ജയചന്ദ്രന്റെ ഏതെങ്കിലുമൊരു ഗാനമുണ്ടാകും. പ്രണയം, വിരഹം, വിഷാദം, ആഹ്ലാദം, ഭക്തി, അനുതാപം, സ്വപ്നം അങ്ങനെ എത്രയെത്ര പേരറിയാത്ത ലോകത്തേക്ക് ജയചന്ദ്രന്‍ നമ്മെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. എക്കാലത്തേയും മധുര മനോഹരമാക്കിയ ശബ്ദ സാന്നിധ്യമായിരുന്നു ജയചന്ദ്രന്‍. മലയാള സിനിമാ സംഗീതത്തിന്റെ അലകും പിടിയും മാറ്റിയ എണ്‍പതുകള്‍. ഈണത്തിന് അനുസരിച്ച പാട്ടെഴുത്ത് ജയചന്ദ്രനിലെ അപൂര്‍വ സിദ്ധിയുള്ള ഗായകന് ഒരു വെല്ലുവിളിയായില്ല. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി അങ്ങനെ ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് ജയചന്ദ്രന്റെ സ്വരമാധുരിഒഴുകിനടന്നു. 'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം'എന്ന ഒറ്റ ഗാനം കൊണ്ട് തമിഴകമാകെ ജയചന്ദ്രന്‍ എന്ന ശബ്ദ സാഗരത്തിന്റെ ആഴമറിഞ്ഞു.
സംഗീതത്തെ അങ്ങേയറ്റത്തെ തീഷ്ണതയോടെ സമീപിക്കുമ്പോഴും ജീവിതത്തെ ലാഘവത്തോടെയാണ് ജയചന്ദ്രന്‍ കണ്ടത്. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ഒരിക്കലും ദുഃഖിച്ചില്ല. അതിലും മികച്ചത് വരുമെന്ന അപൂര്‍വമായ ആത്മവിശ്വാസത്തോടെ ജീവിതത്തെയും ഗാനങ്ങളെയും കണ്ടു. അവസരങ്ങള്‍ക്കു വേണ്ടി നിലപാടുകളെ മയപ്പെടുത്തുകയോ സൗഹൃദങ്ങളെ ഉപയോഗിക്കുകയോ ചെയ്തില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയതാണ് നമ്മള്‍ കേള്‍ക്കുന്ന ജയചന്ദ്ര സംഗീതം.
ജയേട്ടന്‍ എന്ന സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കാവുന്ന ആത്മബന്ധം അദ്ദേഹവുമായി തനിക്കുണ്ട്. ജയചന്ദ്രന്‍ മറയുമ്പോഴും ആ പ്രതിഭാസം സൃഷ്ടിച്ച അഗാതമായ ശബ്ദസാഗരം നമുക്ക് ചുറ്റും എപ്പോഴുമുണ്ടാകും. അത് വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്നും സതീശൻ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.