തിരുവനന്തപുരം : ബോംബ് നിർമാണം എന്നു മുതലാണ് സി.പി.എമ്മിന് സന്നദ്ധ പ്രവര്‍ത്തനമായി മാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിങ്ങള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും ചോദിക്കാനുള്ളത്. നമ്മള്‍ ജീവിക്കുന്ന കാലവുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇരുപത്തിയഞ്ചും അന്‍പതും കൊല്ലം മുന്‍പ് ജീവിക്കേണ്ട ഒരു കാലത്തിലത്തേതു പോലെയാണ് നിങ്ങള്‍ ഇപ്പോഴും കാര്യങ്ങള്‍ ചെയ്യുന്നത്. കുടില്‍ വ്യവസായം പോലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുകയാണ്.
എത്ര നിരപരാധികളാണ് കൊല ചെയ്യപ്പെട്ടത്? സ്വന്തം പാര്‍ട്ടിക്കാരല്ലേ കൊല ചെയ്യപ്പെട്ടത്. എത്ര പേരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് പദ്ധതിക്ക് പോയ സ്ത്രീകള്‍, പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍, ആക്രി പറക്കാന്‍ പോയവര്‍.. അങ്ങനെ എത്രയെത്ര നിരപാരാധികള്‍ക്കാണ് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തത്. കുഞ്ഞുക്കള്‍ക്ക് പരിക്ക് പറ്റിയതിന്റെയും മരിച്ചതിന്റെ പട്ടിക എന്റെ കയ്യിലുണ്ട്. ഐസ്‌ക്രീം പാത്രത്തില്‍ ബോംബ് വച്ചപ്പോള്‍ അത് ഐസ്‌ക്രീം ആണെന്നു കരുതി കളിക്കളത്തില്‍ വച്ച് തുറന്ന് പരിക്കേറ്റ എത്ര കുട്ടികളുണ്ട്.
ഇങ്ങനെയെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നു നോക്കരുതെന്ന നിര്‍ദ്ദേശം കൂടി സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കണം. ഇപ്പോള്‍ മരിച്ച വയോധികന് 85 വയസിന് മുകളില്‍ പ്രായമുണ്ട്. പറമ്പില്‍ തേങ്ങ പറക്കാന്‍ പോയ ആളാണ് സ്റ്റീല്‍ പാത്രം പൊട്ടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. മുഖം പോലും വികൃതമായിപ്പോയി. എത്ര ക്രൂരമായ രീതിയിലാണ് നിരപരാധി കൊല ചെയ്യപ്പെട്ടത്?
നിങ്ങള്‍ ആര്‍ക്കെതിരെയാണ് ബോംബ് ഉണ്ടാക്കുന്നത്? രണ്ട് പാര്‍ട്ടി ഗ്രാമങ്ങളിലെ സി.പി.എമ്മിലെ തന്നെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ബോംബ് ഉണ്ടാക്കിയത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ എറിയാന്‍ നിർമിച്ച ബോംബാണ് പൊട്ടിയതെന്ന് ആര്‍ക്കാണ് അറിയാത്തത്. സി.പി.എം നേതാക്കളുടെ തന്നെ നിയന്ത്രണത്തിലുള്ള രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സംഘം പകരം ചോദിക്കാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കര്‍ഷക സംഘം ഓഫീസിന് പിന്നില്‍ ബോംബ് ഉണ്ടാക്കി വച്ചത്.
നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? പാനൂരില്‍ തുടര്‍ച്ചയായി ബോംബ് സ്‌ഫോടനങ്ങളുണ്ടായി തിരഞ്ഞെടുപ്പ് കാലത്തും സ്‌ഫോടനമുണ്ടായി. നിങ്ങള്‍ എന്തായാലും ആര്‍.എസ്.എസുകാരെ നേരിടാന്‍ വേണ്ടയല്ല ബോംബ് ഉണ്ടാക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം. മാസ്‌ക്കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ സി.പി.എമ്മുമായുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിപ്പിച്ചു. അപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ബോബ് ഉണ്ടാക്കിയത് ഞങ്ങള്‍ പാവങ്ങളെ എറിയാന്‍ വേണ്ടിയാണോ? 2019 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ നിങ്ങള്‍ ബോംബ് എറിഞ്ഞ് കൊന്നത്. അതേ പോലയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും ബോംബ് ഉണ്ടാക്കിയത്.
പാനൂരില്‍ ഷെറിന്‍ കൊല്ലപ്പെട്ടപ്പോള്‍ അറസ്റ്റിലായവരെല്ലാം സി.പി.എമ്മുകാരായിരുന്നു. സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും നിങ്ങളുടെ പൊലീസ് മനപൂര്‍വമായി പ്രതിയാക്കിയതാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ബോബ് പൊട്ടിയെന്ന് അറിഞ്ഞപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഓടിയെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രതിയാക്കിയെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആക്ഷേപിച്ചത്.
നിങ്ങളുടെ പൊലീസിനെ കുറിച്ചാണ് പാര്‍ട്ടി സെക്രട്ടറി ആക്ഷേപിച്ചത്. എന്നു മുതലാണ് ബോംബ് നിര്‍മ്മാണത്തെ സന്നദ്ധ പ്രവര്‍ത്തനമെന്ന ഓമനപ്പേരിട്ട് പാര്‍ട്ടി വിളിക്കാന്‍ തുടങ്ങിയത്. ഏത് സംഭവം ഉണ്ടായാലും ഞങ്ങക്ക് ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ ആദ്യം പറയും. എന്നിട്ട് രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രക്തിസാക്ഷി മണ്ഡപമുണ്ടാക്കി അവരുടെ കുടുംബത്തെ സഹായിക്കും.
നിരപരാധികളെയും കുഞ്ഞുങ്ങളെയും കൊല്ലുകയും ബോംബ് നിർമിക്കുകയും ചെയ്യുന്ന എന്തൊരു ക്രിമിനലുകള്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി രക്തസാക്ഷികളായി മാറുന്നത്? ഇത് ലോകത്ത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ? തീവ്രവാദികളുടെ ഇടയില്‍ പോലും ഇല്ലാത്ത കാര്യങ്ങളല്ലെ സംഭവിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 32 പേരാണ് ബോംബ് നിര്‍മ്മാണത്തില്‍ കൊല ചെയ്യപ്പെട്ടത്. 89 പേര്‍ക്ക് കയ്യും കാലുമില്ല. എന്നിട്ട് പൊലീസ് എന്ത് നടപടിയാണ് എടുത്തത്.
കഴിഞ്ഞ ദിവസം തലശേരിയില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ച സംഭവത്തില്‍ എതിരാളികളെ നേരിടാനാണ് ബോബ് ഉണ്ടാക്കിയതെന്നാണ് പൊലീസ് മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയത്. നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇട്ടപ്പോള്‍, ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കാരണമെന്നായി. മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളും ഒരു പോലെ എഴുതിയ പൊലീസിനെക്കൊണ്ട് നാലാമത്തെ റിപ്പോര്‍ട്ട് മാറ്റിയെഴുതിച്ചത് ആരാണ്? ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ രക്തസാക്ഷികളാക്കുകയും ചെയ്യുന്നത് ആരാണ്? നിങ്ങള്‍ ക്രിമിനലുകളെ മഹത്വവത്ക്കരിക്കുന്നത് പ്രോത്സാഹനമായി മാറുകയാണ്.
സംഭവം ഉണ്ടായതിന് പിന്നാലെ സ്ഥലം വളഞ്ഞ സംഘം തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചു. അതും കഴിഞ്ഞാണ് പൊലീസ് വന്നത്. പൊലീസിനോട് അവിടെ നില്‍ക്കാന്‍ പറഞ്ഞാല്‍ അവിടെ നില്‍ക്കുന്ന കാലമാണിത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പൊലീസും സര്‍ക്കാരും ഒത്താശ ചെയ്യുകയാണ്. റെയ്ഡ് നടത്തുമെന്നും പിടിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എവിടെയാണ് റെയ്ഡ് നടത്തിയത്? എവിടെയാണ് പിടിച്ചത്? പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതുന്നതു പോലെ ഈ പറമ്പില്‍ ബോംബുണ്ട് സൂക്ഷിക്കുക എന്ന് എഴുതി വെക്കണമെന്ന് ബോബ് വെക്കുന്നവനോട് പറയണം. അല്ലെങ്കില്‍ പാവങ്ങളും കുഞ്ഞുങ്ങളും മരിക്കും.
നിങ്ങള്‍ ഇനിയെങ്കിലും ആയുധം താഴെ വെക്ക്. ബോംബ് നിര്‍മ്മാണം അവസാനിപ്പിക്ക്. നിങ്ങള്‍ ആശയപരമായ പോരാട്ടത്തിലേക്ക് വരൂ. പരിഷ്‌കൃത സമൂഹത്തിന് മുഴുവന്‍ അപമാനകരമായ കാര്യങ്ങളാണ് കേരളത്തില്‍ സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ താക്കീത് നല്‍കിയിട്ടും പഠിക്കാന്‍ നിങ്ങള്‍ തയാറല്ല. ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല, ബോബ് വച്ച കാര്യമാണ് ഞാന്‍ ഇവിടെ പറയുന്നത്. അതുകൊണ്ട് ഇത്രുയും ചൂടാവുകയോ ബഹളം വയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ല. ക്രിമിനലുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ നീയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.