കോട്ടയം: ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ചത് വിവാദമായ സാഹചര്യത്തിൽ അതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. നാരായണഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹത്തെ ആരും ചുവപ്പുടുപ്പിക്കാൻ നോക്കേണ്ടെന്നും ഇരുവരും പ്രതികരിച്ചു.
പുതുപ്പള്ളിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബി.ജെ.പി കേരളത്തിന്റെ പ്രണാമം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്ന് പറയുന്നതിൽ ആർക്കാണ് തർക്കമുള്ളതെന്ന് വി. മുരളീധരൻ ചോദിച്ചു.
അദ്ദേഹം പിന്നെ മതേതര സന്യാസിയാണോ. സന്യാസമെന്ന് പറയുന്നത് ഭാരതത്തിന്റെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമാണ്. അതിൽ തർക്കമൊന്നുമില്ല. സി.പി.എം സന്യാസിയാണോ ഗുരുദേവൻ-അദ്ദേഹം ചോദിച്ചു. ഗുരുദേവൻ സന്യാസിയല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.