കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രൻ (73) അന്തരിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനും ദിവാൻ പി. രാജഗോപാലാചാരിയുടെ പൗത്രനുമാണ്. ഹൃദയാഘാതത്തെ തുടർന്ന് വഞ്ചിയൂര് അംബുജവിലാസം റോഡിനുസമീപത്തെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചയായിരുന്നു അന്ത്യം. വീട്ടില് പൊതുദര്ശനത്തിനുവെച്ചിരിക്കുന്ന ഭൗതിക ശരീരം ബുധനാഴ്ച രാവിലെ ബാർ അസോസിയേഷൻ ഹാൾ, കെ.പി.സി.സി ആസ്ഥാനം, പ്രസ് ക്ലബ് എന്നിവിടങ്ങളിലെത്തിച്ചശേഷം ഉച്ചക്ക് രണ്ടിന് മണക്കാട് പുത്തൻകോട്ടയിലെ ശ്മശാനത്തിൽ സംസ്കരിക്കും.

മാധ്യമ, അഭിഭാഷക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്റ്, ഡി.സി.സി ജന.സെക്രട്ടറി, ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം, ടൈറ്റാനിയം അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫും പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു. യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ലോ കോളജ്, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ അദ്ദേഹം ലേബർ നിയമത്തിൽ പ്രഗല്ഭനായിരുന്നു. പരേതയായ ജയശ്രീയാണ് ഭാര്യ. മക്കൾ: പ്രിജിത് ചന്ദ്രൻ (ഐ.ടി, ബംഗളൂരു), പ്രീതി (ഐ.ടി, ജർമനി). മരുമക്കൾ: സൂര്യ, സുമന്ത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, മന്ത്രിമാർ, എം.എൽ.എമാർ രാഷ്ട്രീയ, സാമൂഹിക, മാധ്യമ, അഭിഭാഷക രംഗത്തെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു. പ്രതാപചന്ദ്രന്റെ മരണത്തെ തുടർന്ന് എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് കെ.പി.സി.സി അറിയിച്ചു.

Tags:    
News Summary - V Prathapachandran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.