തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവർക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാരെ തടഞ്ഞതിൽ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ലത്തീൻ സഭയുടെ ഉത്തരവാദപ്പെട്ടയാളായ യൂജിൻ പെരേരയുടെ ഭാഗത്തുനിന്ന്​ കലാപാഹ്വാനം ഉണ്ടാകാൻ പാടില്ലായിരുന്നെന്ന്​ മന്ത്രി പറഞ്ഞു. യൂജിൻ പെരേര കാറിൽനിന്ന്​ ഇറങ്ങി ആക്രമണത്തിന്‍റെ സ്വഭാവത്തിൽ അലറിക്കൊണ്ടാണ്​ വന്നത്​. മന്ത്രിമാരെയും കലക്ടറെയും തടയാനാണ്​ ആദ്യം ആഹ്വാനം ചെയ്തത്​. പൊലീസും 150 ഓളം വരുന്ന നാട്ടുകാരും അവിടെയുണ്ടായിരുന്നു. യൂജിൻ പെരേര ധരിച്ചത്​ കൂടിനിൽക്കുന്ന മുഴുവൻ ആളുകളും അദ്ദേഹത്തിന്‍റെ ആഹ്വാനം കേട്ട്​ മന്ത്രിമാരെ തടയുമെന്നും ക്രമസമാധാനനില വഷളാകുന്ന സാഹചര്യം ഉണ്ടാകുമെന്നുമാണ്​. ആഹ്വാനം പക്ഷേ ആരും അംഗീകരിച്ചില്ല. ഇതോടെ അദ്ദേഹം ഞങ്ങളോട്​ തട്ടിക്കയറി. ഞങ്ങൾ സംയമനം പാലിച്ചു. നാട്ടുകാരും സംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായകരമായ നിലപാടാണ്​ സ്വീകരിച്ചത്​. രണ്ട്​ വനിതകൾ ഒരു കാരണവുമില്ലാതെ ഞങ്ങൾ അവിടെ എത്തിയത്​ എന്തോ അപരാധമാണെന്നപോലെ ഉച്ചത്തിൽ ശബ്​ദമുണ്ടാക്കി. ഞങ്ങൾ പറയുന്നത്​ കേട്ടില്ല -മന്ത്രി പറഞ്ഞു.

തീരപ്രദേശത്ത്​ ഓരോ പള്ളിയും നിയമവിരുദ്ധമായ പിരിവാണ്​ നടത്തുന്നത്​. ഒരു കോടി രൂപ പിരിവ്​ കിട്ടുന്ന പള്ളികളുണ്ട്​. ഈ പണം പാവ​പ്പെട്ട മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ചെലവഴിക്കണ്ടേ. അതിന്‍റെ കണക്കെവിടെ? മത്സ്യത്തൊഴിലാളികൾ പാവപ്പെട്ടവരാണ്​. കഷ്ടപ്പെട്ടാണ്​ മീൻ പിടിക്കുന്നത്​. എന്തിനാണ്​ അവരിൽനിന്ന്​ രണ്ട്​ ശതമാനവും അഞ്ച്​ ശതമാനവും പിരിക്കുന്നത്​. ഇതിനെ എതിർക്കുന്നത്​ കൊണ്ടാണ്​ യൂജിൻ പെരേര ഇങ്ങനെ പെരുമാറുന്നതെന്നും മ​ന്ത്രി ശിവൻകുട്ടി കൂട്ടി​ച്ചേർത്തു.

ക്ഷോഭിച്ചും അപമര്യാദയായും തരംതാഴ്ത്തിയുമാണ്​ മ​ന്ത്രിമാർ സംസാരിച്ചത് -ഫാദർ യൂജിൻ പെരേര

മത്സ്യത്തൊഴിലാളികൾ മന്ത്രിമാരുമായി ചർച്ചക്ക്​ തയാറായിരുന്നെന്നും പക്ഷേ അവരോടൊക്കെ വളരെ ക്ഷോഭിച്ചും അപമര്യാദയായും തരംതാഴ്ത്തിയുമാണ്​ മ​ന്ത്രിമാർ സംസാരിച്ചതെന്നും വികാരി ജനറൽ യൂജിൻ പെരേര. താനവിടെ ചെല്ലുമ്പോൾ വളരെ ക്ഷുഭിതനായി വിദ്യാഭ്യാസമന്ത്രി ഇറങ്ങിവരികയാണ്​. തന്നെ കണ്ട​തോടെ ‘വേലയൊന്നും വേണ്ടെന്ന’ ലെവലിലാണ്​ സംസാരിച്ചത്​. എന്നെ കണ്ടപ്പോൾ എന്നെയങ്ങ്​ ഇരയാക്കിയെന്നേയുള്ളൂ. മന്ത്രിമാർ പോകുന്നതിന്​ മുമ്പ്​ അവിടെ അണിയറ ഒരുക്കങ്ങൾ നടത്തിയിരുന്നു. നീക്കങ്ങൾ ആസൂത്രിതമാണെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാരെ ചൊടിപ്പിച്ചത് ‘ഷോ വേണ്ടെ’ന്ന മന്ത്രിയുടെ പ്രതികരണം

പുലർച്ചെയാണ്​ അപകടമുണ്ടായതെങ്കിലും അഞ്ചുമണിക്കൂർ വൈകി രാവിലെ ഒമ്പതുമണിക്ക്​ ശേഷമാണ്​ ഔദ്യോഗിക രക്ഷാപ്രവർത്തനം തുടങ്ങിയത്​. ഉച്ചക്ക്​ ഒരുമണിയോടെയാണ്​ ബോട്ടപകടം ഉണ്ടായ സ്ഥലത്തേക്ക്​ പോകാനായി മന്ത്രിമാർ എത്തിയത്. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്തുവെച്ച് മൂന്ന് മന്ത്രിമാർക്ക്​ നേരെയും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമുണ്ടായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരെയാണ്​ തടഞ്ഞത്​.

മുതലപ്പൊഴിയിൽ അപകടം പതിവായിട്ടും സർക്കാർ ഇടപെടാത്തത് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തു. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ ‘ഷോ വേണ്ടെ’ന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകട പ്രദേശത്തേക്ക് പോകാതെ മന്ത്രിമാർ മടങ്ങി.

രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച്​ മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത്​ റോഡ്​ ഉപരോധിച്ചു. ആദ്യം പെരുമാതുറ റോഡും പിന്നീട് പുതുക്കുറിച്ചി റോഡുമാണ്​ ഉപരോധിച്ചത്. കാണാതായ മത്സ്യത്തൊഴിലാളികളെ ക​ണ്ടെത്താൻ കോസ്റ്റൽ പൊലീസിന്റെയും നേവിയുടെയും സഹായം ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അധികൃതർ ഉറപ്പുനൽകിയതിന്​ പിന്നാലെ മത്സ്യത്തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചു.

കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജിതം

പെരുമാതുറ: മുതലപ്പൊഴിയിൽ തിങ്കളാഴ്ച പുലർച്ച നാലോടെ ഉണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ഊർജിതമായ തെരച്ചിൽ പുരോഗമിക്കുന്നു. ​നാവികസേനയുടെ അഞ്ച്​ ബോട്ടുകൾ ഇതിനായി രംഗത്തുണ്ട്​​.

പുതുക്കുറിച്ചി സ്വദേശി ആൻറണി ലോപ്പസിന്‍റെ ഉടമസ്ഥതയിലുള്ള ‘പരലോകമാതാ’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. നാലുപേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മുതലപ്പൊഴി ഹാർബർ കവാടം കടക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ ബിജു, മാൻറസ്, ബിജു, കുഞ്ഞുമോൻ (40) എന്നിവരാണ് ബോട്ടിലുണ്ടായത്. കുഞ്ഞുമോനെ തൊട്ട് പിറകെ ഉണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. കുഞ്ഞുമോന്റെ മൃതദേഹം പുതുക്കുറിച്ചി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: മലാശ. മക്കൾ: കിരൺ, അനുപമ.

Tags:    
News Summary - V Sivankutty against eugine pereira on Muthalappozhi boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.