തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും വാർഷിക മധ്യവേനലവധിക്ക് പകരം രണ്ട് ഘട്ടമായുള്ള സ്പ്ലിറ്റ് വെക്കേഷൻ സമ്പ്രദായം നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശ. ഇതിനായി നിർദേശങ്ങൾ സമർപ്പിക്കാൻ േപ്രാ-വൈസ് ചാൻസലർമാരുടെ കമ്മറ്റി രൂപവത്കരിക്കാനും കൗൺസിലിെൻറ എക്സിക്യൂട്ടിവ് ബോഡി യോഗം തീരുമാനിച്ചു.
നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മധ്യവേനലവധി. ഇതിനു പകരം സെമസ്റ്ററുകളുടെ ഇടവേളയിൽ നവംബറിലും മേയിലും അവധി നൽകാനാണ് കൗൺസിൽ ശിപാർശ. സംസ്ഥാനത്തെ സർവകലാശാലകൾക്കായി അക്കാദമിക -പരീക്ഷാ കലണ്ടർ രൂപവത്കരിക്കുന്നതിനും യോഗം തീരുമാനിച്ചു. തുല്യത സർട്ടിഫിക്കറ്റുകൾക്കുള്ള മാനദണ്ഡങ്ങൾ ലളിതമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. ഇതിനു സർവകലാശാലകൾ, പി.എസ്.സി എന്നിവയുമായി ചർച്ച നടത്തി കൗൺസിൽ നിർദേശങ്ങൾ സമർപ്പിക്കും. സംസ്ഥാനത്തെ സർവകലാശാലകൾക്കിടയിൽ പോലും തുല്യത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതാണ് സാഹചര്യം. ഇതൊഴിവാക്കാൻ തുല്യത നൽകാവുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി സർവകലാശാലകൾക്കും പി.എസ്.സിക്കും നൽകാൻ യോഗത്തിൽ അധ്യക്ഷതവഹിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർദേശിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് േക്രാഡീകരിക്കാൻ ഒാൾ കേരള ഹയർ എജുക്കേഷൻ സർവേ നടത്താൻ കൗൺസിലിനെ ചുമതലപ്പെടുത്തി. സർവകലാശാലകളിൽ പ്രവർത്തിക്കുന്ന അന്തർസർവകലാശാല പഠനകേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് കമ്മിറ്റി രൂപവത്കരിക്കും. ബിരുദതലത്തിൽ നടപ്പാക്കിയ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റർ (സി.ബി.സി.എസ്) പരിഷ്കരണത്തിെൻറ തുടർച്ചയായി, പി.ജി കരിക്കുലം പരിഷ്കരിക്കാൻ പ്രഗല്ഭരെ ഉൾപ്പെടുത്തി കരിക്കുലം പരിഷ്കരണ കമ്മിറ്റി രൂപവത്കരിക്കും.
യു.ജി.സിയുടെ പിഎച്ച്.ഡി െറഗുലേഷൻ നടപ്പാക്കിയതിനെത്തുടർന്ന് സംസ്ഥാനത്തെ സർവകലാശാലകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും പിഎച്ച്.ഡി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപവത്കരിക്കും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിെൻറ പശ്ചാത്തലത്തിൽ പിഎച്ച്.ഡി െറഗുലേഷനിൽ മാറ്റങ്ങൾ നിർദേശിച്ച് യു.ജി.സിക്ക് റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് കോളജ്, സർവകലാശാല അധ്യാപകരുടെ വിരമിക്കൽ പ്രായം നേരത്തേയായതിനാൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്ന നിർദേശമായിരിക്കും യു.ജി.സി മുമ്പാകെ സമർപ്പിക്കുക.
സർവകലാശാലകളിലെ അധ്യാപക ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കും. കോളജുകളിലെ ഒഴിവുകൾ നികത്താൻ സർക്കാർ നടപടി സ്വീകരിച്ചുവരുകയാണെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നയരൂപവത്കരണ പ്രവർത്തനങ്ങൾക്ക് സഹായമേകാനും കഴിയുന്ന വ്യക്തികളെ ഉൾക്കൊള്ളിച്ചുകൊണ്ട് അക്കാദമിക് വളൻറിയർ ബാങ്ക് രൂപവത്കരിക്കും.
കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പ്ലാനിങ് ബോഡ് അംഗം ഡോ. ബി. ഇക്ബാൽ, സർവകലാശാല വൈസ് ചാൻസലർമാർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടിവ് ബോഡി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.