കോഴിക്കോട്: വടകരയിൽ സർവകക്ഷി യോഗം നടത്തണമെന്ന മുസ് ലിം ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സർവകക്ഷിയോഗം ഇപ്പോൾ വേണ്ടെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ വ്യക്തമാക്കി.
'കാഫിർ' സ്ക്രീൻഷോട്ടിലെ പ്രതിയെ പിടിച്ച ശേഷം മതി സർവകക്ഷിയോഗം. വ്യാജ പ്രചാരണത്തിനിരയായ ലീഗ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് യു.ഡി.എഫിന്‍റെ ബാധ്യതയാണ്. കൊടുക്കൽ വാങ്ങൽ നിലപാട് വേണ്ടെന്നും ദുൽഖിഫിൽ ചൂണ്ടിക്കാട്ടി.
വടകരയിൽ സർവകക്ഷി യോഗം നടത്തണമെന്ന വിഷയം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും ചർച്ച ചെയ്തെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയും പി. മോഹനനും സമ്മതിക്കുകയും ചെയ്തിരുന്നു.
നാദാപുരത്ത് സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വടകര, നാദാപുരം മേഖലകളിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ ചേരിതിരിവ് ഏറ്റുമുട്ടലിലേക്ക് പോവാതിരിക്കാൻ ജില്ല ഭരണകൂടവും സംസ്ഥാന സർക്കാറും ഇടപെടണം.
നാദാപുരത്ത് സെൻസിറ്റിവായ പ്രദേശങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്കോ പൊട്ടിത്തെറികളിലേക്കോ പോകാൻ പാടില്ല. സർക്കാർ അവിടെ സർവകക്ഷിയോഗം വിളിക്കണം. മുൻകരുതലെടുക്കുക എന്നത് ജില്ല ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും ഉത്തരവാദിത്തമാണ്. ലീഗിന് സ്വാധീനമുള്ള മേഖലയാണത്. സമാധാനം നിലനിർത്തേണ്ടത് മുസ്‍ലിം ലീഗിന്റെ കൂടി ആവശ്യമാണെന്നും തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.