കോഴിക്കോട്: സംസ്ഥാനതലത്തിൽ വലിയ ചർച്ചയായ വടകരയിലെ ‘സൈബർ ആക്രമണ’ത്തിൽ ഒടുക്കം ആരോപണം ഉന്നയിച്ചവർതന്നെ വെട്ടിൽ. മുൻ ആരോഗ്യമന്ത്രി കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് നേതാക്കൾ രംഗത്തുവരുകയും അതിന് വലിയ പ്രചാരം നൽകുകയും ചെയ്തതോടെയാണ് വടകരയിലെ സൈബർ ആക്രമണം ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വരെ ഏറ്റുപിടിച്ച് വാദപ്രതിവാദം ഉയർത്തിയതിനുപിന്നാലെ, തന്റെ മോർഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.കെ. ശൈലജതന്നെ വ്യക്തമാക്കിയതോടെയാണ് വിവാദത്തിന് തിരികൊളുത്തിയവർ വെട്ടിലായത്.
എതിർ സ്ഥാനാർഥിയുടെ സമൂഹ മാധ്യമ പേജുകളിലൂടെ തനിക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ശൈലജ നേരത്തെ പറഞ്ഞത് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും വാർത്തസമ്മേളനം നടത്തി ചോദ്യം ചെയ്തിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയുടെ സമൂഹ മാധ്യമ പേജിൽ അത്തരമൊരു പരാമർശം കാണിച്ചുതരാനായിരുന്നു വെല്ലുവിളി.
ഇതോടെ എൽ.ഡി.എഫ് നേതൃത്വം ഷാഫി പറമ്പിലിന്റെ പേജിൽനിന്ന് അങ്ങനെയൊന്നുണ്ടായെന്ന് പറഞ്ഞതിൽനിന്ന് പിന്നാക്കം പോയി. തുടർന്നാണ് മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം ശക്തമാക്കിയത്.
സ്ഥാനാർഥിതന്നെ പിൻവാങ്ങിയതോടെ ‘സൈബർ ആക്രമണം’ എൽ.ഡി.എഫിന് നഷ്ടക്കച്ചവടമായെന്നാണ് വിലയിരുത്തൽ. അതേസമയം, സൈബർ ആക്രമണം സംബന്ധിച്ച് എൽ.ഡി.എഫും കെ.കെ. ശൈലജയും നൽകിയ പരാതിയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചിലർ അറസ്റ്റിലായി ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള ദൃശ്യമോ, വിഡിയോയോ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫ് നൽകിയ പരാതിയിൽപോലും സത്യം പുറത്തുവരാത്തതിലെ ‘ദുരൂഹത’യും യു.ഡി.എഫ് ചർച്ചയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.