തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അംഗീകരിക്കില്ലെന്ന് അനിൽ അക്കര എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് സർക്കാറിന്‍റെ നീക്കം. വിജിലൻസ് അന്വേഷണം മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമമെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു.
വടക്കാഞ്ചേരി ചരപ്പറമ്പിൽ ലൈഫ്മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്.
വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തിയില്‍ നിർമിക്കുന്ന സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി നൽകിയെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയാണെന്നും അനിൽ അക്കര എം.എൽ.എയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു.
2019 ജൂലൈയിൽ തിരുവനന്തപുരത്ത് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുറഹ്മാൻ ബിന്‍ സുല്‍ത്താനാണ് ലൈഫ് മിഷനുമായി ധാരണപത്രം ഒപ്പിട്ടത്. 140 കുടുംബങ്ങള്‍ക്ക് താമസിക്കാൻ അഞ്ച് നില കെട്ടിടം നിർമിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.