കണ്ണൂർ: തന്റെ കുടുംബത്തിന് ഓഹരിയുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെക്കുറിച്ച് പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതായി സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു വാരികക്കു നൽകിയ അഭിമുഖത്തിലാണ് ഇ.പി ഇക്കാര്യം തുറന്നുസമ്മതിച്ചത്. എന്നാൽ, അഴിമതി നടന്നതായി പി. ജയരാജൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ സഹായിക്കാൻ പാടുണ്ടോ എന്നാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതു ശരിയാണോ എന്നും ചോദിച്ചു. എന്നാൽ, ചില മാധ്യമങ്ങൾ അത് വളച്ചൊടിച്ചു. അഴിമതി ആരോപണം ഉന്നയിച്ചതായാണ് എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നതെന്നും ഇ.പി വ്യക്തമാക്കി.
വീടിനടുത്ത് നല്ല സ്ഥാപനം ഉണ്ടാകണമെന്നാണ് താൻ റിസോർട്ട് നിർമാണത്തിലൂടെ ആഗ്രഹിച്ചത്. ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ തുകകൊണ്ടാണ് അവർ റിസോർട്ടിൽ ഓഹരി എടുക്കുന്നത്. നായനാർ അക്കാദമിയുടെ പണി ചെയ്ത കരാറുകാരൻ രമേശനെ റിസോർട്ട് നിർമിക്കാൻ താൽപര്യമുള്ള മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. മകൻ ജയ്സണും രമേശനും റിസോർട്ടിൽ ഓഹരി നിക്ഷേപിച്ചു. എന്നാൽ, തുടർന്ന് അഴിമതി കാണിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് രമേശനെ എം.ഡി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. അതിനുശേഷമാണ് തന്നെക്കൂടി ഇതിൽ ബന്ധപ്പെടുത്താൻ ശ്രമം നടന്നതെന്നും ഇ.പി പറഞ്ഞു.
നിയമപരമായി സ്ഥാപനത്തിൽ ഒരു പിടിത്തവും കിട്ടുന്നില്ലെന്നു വന്നപ്പോഴാണ് തന്റെ പേര് വലിച്ചിഴച്ചത്. അങ്ങനെ ചെയ്താൽ രമേശന് വീണ്ടും ആധിപത്യം സ്ഥാപിക്കാമെന്ന് കരുതിയിട്ടുണ്ടാകും. രമേശന് എങ്ങനെയെങ്കിലും ഈ സ്ഥാപനം ലഭിക്കണമെന്ന അത്യാഗ്രഹമുണ്ട്. ഒന്നും കൊടുക്കാതെ സ്ഥാപനം തട്ടിയെടുക്കാനാണ് രമേശൻ ശ്രമിച്ചത്. അതൊരു കാരണവശാലും അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ഇ.പി പറഞ്ഞു.
കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആദരണീയനായ നേതാവെന്ന് പി. ജയരാജൻ. വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച ഇ.പിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി. ജയരാജന്റെ പ്രതികരണം.
വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇ.പി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി. ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്നുപറഞ്ഞ് സി.പി.എം പ്രതിരോധിക്കുന്നതിനിടെയാണ് ഒരു വാരികയിലൂടെ ഇ.പി. ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.