തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ഒരു വർഷം നീളുന്ന പരിപാടികളോടെ കെ.പി.സി.സി. ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി. സജീന്ദ്രനും കണ്‍വീനര്‍ എം. ലിജുവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് 30ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാര്‍ഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്യും. പ്രചാരണ ജാഥകള്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍നിന്നാരംഭിച്ച് സമ്മേളന നഗരിയായ വൈക്കം ടി.കെ. മാധവന്‍ നഗറിലെത്തും.
മഹാത്മജി ഛായാചിത്ര ജാഥയുടെ ഉദ്ഘാടനം ആലുവ യു.സി കോളജ് അങ്കണത്തില്‍ മഹാത്മജി നട്ട വൃക്ഷച്ചുവട്ടില്‍നിന്ന് ആരംഭിക്കും. വൈക്കം വീരര്‍ ഛായാചിത്ര ജാഥ മാര്‍ച്ച് 25ന് തമിഴ്‌നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്തുനിന്നാരംഭിക്കും. ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭന്‍, മഹാത്മ അയ്യൻകാളി എന്നിവരുടെ ഛായാചിത്ര ജാഥകളും നടക്കും. മാര്‍ച്ച് 27ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യും.
അയിത്തോച്ചാടന ജ്വാലാപ്രയാണം ചെട്ടികുളങ്ങര ടി.കെ. മാധവന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍നിന്ന് ആരംഭിക്കും.
കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ എന്നിവരുടെ ഛായാചിത്രവുമായി മലബാര്‍ നവോത്ഥാന നായക ഛായാചിത്ര ജാഥ കോഴിക്കോട്ടുനിന്ന് ആരംഭിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജി.എസ്. ബാബു, സുബോധന്‍, മര്യാപുരം ശ്രീകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.