തിരുവനന്തപുരം: കൈയിൽ കേസും പോക്കറ്റിൽ ആവശ്യത്തിന് കാശുമുണ്ടായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള വക്കം പുരുഷോത്തമന്റെ വഴിമാറ്റം ആകസ്മികമായിരുന്നു. വിദ്യാർഥി കാലത്തേ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ ഉയർന്ന ചുമതലകളിലേക്കുത്തുന്നത് വൈകിയാണ്. ചോക്ലറ്റ് നിറമുള്ള ഫിയറ്റു കാർ ഓടിച്ച് കോടതിയിലെത്തിയിരുന്ന തിരക്കുള്ള ക്രിമിനൽ അഭിഭാഷകനെയായിരുന്നു അന്ന് ഏറെപ്പേർക്കും പരിചയം. വക്കമെന്ന പേര് രാഷ്ട്രീയത്തിലെത്തിയ ശേഷം സ്വീകരിച്ചതല്ല. ബിരുദപഠനകാലത്ത് എഴുതുമായിരുന്ന ലേഖനങ്ങളിൽ പേരിനൊരു ചന്തമായി ജന്മനാടിനെ ഒപ്പം കൂട്ടിയതാണ്.
ശോഭിച്ച ഗൗണിൽ നിന്ന് ഖദറിന്റെ ആരവത്തിലേക്ക്
25 ാം വയസ്സിൽ വക്കം പഞ്ചായത്ത് അംഗമായിരുന്നെങ്കിലും അതിനെ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായി വക്കം കണ്ടില്ല. അൽപം രാഷ്ട്രീയം ഒപ്പമുണ്ടായിരുന്നെങ്കിലും അന്ന് കോടതിമുറികളിൽ ക്ഷോഭിച്ചും ശോഭിച്ചും മുന്നോട്ടുപോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഡി.സി.സി ചുമതലകളിലേക്കെത്തുന്നത്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായതോടെയാണ്, അതുവരെ ശാന്തമായി ഒഴുകിയിരുന്ന വക്കത്തിന്റെ രാഷ്ട്രീയ ജീവിതം ജ്വലിച്ചുയരുന്നത്. ഇസ്തിരിയിട്ട ഖദർ പോലെത്തന്നെ അദ്ദേഹത്തിന്റെ നിലപാടുകളിലും ചുളിവോ വളവോ ഉണ്ടായിരുന്നില്ല. കാർക്കശ്യമെന്ന് ചിലരതിനെ വിശേഷിപ്പിച്ചു. വഴക്കമില്ലാത്തവനെന്ന പേരുദോഷം സ്വന്തമാക്കിയെങ്കിലും ആരുടെയും വിധേയനല്ലെന്ന നിലപാടിൽ വക്കം ഉറച്ചു നിന്നു. ശരിയെന്ന് തോന്നിയതിനുവേണ്ടി വീറോടെ വാദിച്ചു. പലരും പറയാൻ മടിച്ച ഗ്രൂപ് രാഷ്ട്രീയത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചും തുറന്നടിച്ചു. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നെങ്കിലും പറയേണ്ട കാര്യങ്ങൾ ചിരിച്ചുകൊണ്ടുതന്നെ പറയാൻ മടി കാണിച്ചില്ല.
ആർ. ശങ്കറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് 1967 ൽ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിൽ മത്സരിക്കുന്നത്. കന്നിയങ്കത്തിലും രണ്ടാമതും തോറ്റെങ്കിലും പിന്നീട് അഞ്ചു വട്ടം ആറ്റിങ്ങലിൽ നിന്ന് സഭയിലെത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സുശീലാ ഗോപാലനോട് എതിരിടുമ്പോൾ കോൺഗ്രസിനും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ആലപ്പുഴ അക്കുറി വക്കത്തിന്റെ പേരിൽ ലോക്സഭയിൽ അടയാളപ്പെടുത്തി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായിട്ടായിരുന്നു പിന്നീടുള്ള നിയോഗം.
അടിയന്തരാവസ്ഥ കാലത്തെ കൃഷിമന്ത്രി
സി. അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരിക്കെയാണ് കർഷകത്തൊഴിലാളി നിയമം പാസാക്കുന്നതും നടപ്പാക്കുന്നതും. പിന്നാലെ ചുമട്ടുതൊഴിലാളി നിയമവും പാസാക്കിയെങ്കിലും സർക്കാർ മാറി. പിന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാറാണ് നിയമം നടപ്പാക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് കേന്ദ്രത്തിലെ സഞ്ജയ് ഗാന്ധിയുടെ കാറ്റ് കേരളത്തിലെ ആഭ്യന്തര വകുപ്പിനെയും സ്വാധീനിച്ചെങ്കിലും അതിനെതിരെയും വക്കം നിലപാടെടുത്തു. ആഭ്യന്തര മന്ത്രി കരുണാകരനാണെന്നറഞ്ഞിട്ടും മുഖം നോക്കാതെ നിലപാട് പറഞ്ഞു. ആരോഗ്യ മന്ത്രിയായിരിക്കെയാണ് മെഡിക്കൽ കോളജുകളെ റഫറൽ ആശുപത്രികളാക്കിയുള്ള നിർണായക തീരുമാനം കൈക്കൊള്ളുന്നത്. വൈറൽ പനിക്കുപോലും മെഡിക്കൽ കോളജുകളിൽ കിടത്തി ചികിത്സക്ക് വിധേയമാക്കുന്ന കാലത്താണിത്. ടൂറിസം മന്ത്രിയായിരിക്കെ ആദ്യമായി ടൂറിസം വാരാഘോഷം കേരളത്തിന് പരിചയപ്പെടുത്തി.
രാജിവെച്ച് പ്രതിഷേധം
2006നു ശേഷം വക്കം പാർലമെന്ററി രാഷ്ട്രീയ വഴിയിൽനിന്ന് മാറി നടന്നു. മിസോറം ഗവർണറായിരിക്കെയാണ് 2014ൽ മോദി സർക്കാർ അധികാരത്തിലേക്ക് വന്നത്. ഒരു വാക്കുപോലും പറയാതെ നാഗാലാൻഡിലേക്ക് മാറ്റിയത് ശരിക്കും ചൊടിപ്പിച്ചു. മിസോറം ഗവർണർ സ്ഥാനം രാജിവെച്ചായിരുന്നു പ്രതിഷേധം. സർക്കാറുദ്യോഗസ്ഥനെപോലെ ഗവർണറെ സ്ഥലം മാറ്റാൻ ശ്രമിച്ചെന്നായിരുന്നു വക്കത്തിന്റെ വിമർശനം. പിന്നീട് രാഷ്ട്രീയ ജീവിതത്തിൽ അഭിപ്രായങ്ങളിലൂടെയായിരുന്നു വക്കത്തിന്റെ സാന്നിധ്യം. 95 വയസ്സ് പിന്നിടുമ്പോഴും അഭിപ്രായങ്ങളിലെ കരുത്ത് ചോർന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.