കണ്ണൂർ: വളപട്ടണം ഐ.എസ് കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധിക്കുന്നത് അഞ്ചുവർഷത്തെ വിചാരണക്കുശേഷം. മുണ്ടേരി സ്വദേശി മിദ്ലാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുൽറസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു.കെ. ഹംസ എന്നിവർക്കെതിരെയാണ് ഗൂഢാലോചന കുറ്റം തെളിഞ്ഞത്. കേസിൽ അഞ്ചുപേരെയാണ് ആകെ അറസ്റ്റ് ചെയ്തത്. ഇതിൽ എം.വി. റാഷിദ്, മനാഫ് റഹ്മാൻ എന്നിവരെ മാപ്പുസാക്ഷികളാക്കി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി 2016ലാണ് വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്നും സിറിയയിലേക്ക് കടക്കാനും രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും ശ്രമിച്ചുവെന്നുമാണ് കേസ്. ഐ.എസിനായി പോരാടാനുള്ള പദ്ധതി നടപ്പാക്കാനുള്ള പണം ശേഖരിക്കാൻ ഇവർ ഇറാൻ വഴി തുർക്കിയിലെത്തിയിരുന്നു. അവിടെനിന്നും സിറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ, മിഥിലാജിനെയും റസാഖിനേയും അവിടെവെച്ച് പിടികൂടി ഇന്ത്യയിലേക്ക് നാടു കടത്തുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ ബഹ്റൈനിൽ പാചകക്കാരനായിരുന്നു ഹംസ. 1998ലാണ് നാട്ടിൽ തിരിച്ചെത്തിയത്. ശേഷം തലശ്ശേരിയിൽ കാറ്ററിങ് സർവിസ് നടത്തുകയായിരുന്നു. സിറിയയിലേക്ക് പോകാൻ ഹംസ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
ഏറെ ചർച്ച ചെയ്യപ്പെട്ട ഐ.എസ് കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോഴും ഇവരുടെ തീവ്രവാദ പശ്ചാത്തലം സംബന്ധിച്ച് നാട്ടുകാർക്കോ വീട്ടുകാർക്കോ അറിവില്ല. 2016ൽ കേസിൽ പ്രതികൾ അറസ്റ്റിലായതിനുശേഷം മാത്രമാണ് ഇക്കാര്യം പുറത്തുവന്നത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. രാഷ്ട്രീയ മത സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നവരുമല്ല. എന്നാൽ, ഐ.എസിലേക്ക് വലിയ തോതിൽ കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട്മെന്റ് നടത്തി അയക്കാൻ ഇവർ പദ്ധതിയിട്ടുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അത് കോടതി അംഗീകരിച്ച് പ്രതികൾ മൂവരും കുറ്റക്കാരാണെന്ന് വിധി പറയുന്നതിന് മുഖ്യമായും ആധാരമാക്കിയത് മാപ്പുസാക്ഷികൾ നൽകിയ തെളിവുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.