കായംകുളം: വനമില്ലാത്ത തീരദേശ ജില്ലയിൽ വീട്ടുവളപ്പിനെ വനമാക്കി മാറ്റിയ കർഷകന് വനമിത്ര അവാർഡ്. കണ്ടല്ലൂർ വടക്ക് പ്രണവത്തിൽ കെ.ജി. രമേശാണ് (62) ജൈവ വൈവിധ്യ ഉദ്യാനവുമായി നാടിനെ പച്ചപ്പണിയിച്ചത്. പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര ജങ്ഷനു സമീപത്തെ ഒന്നര ഏക്കറോളം സ്ഥലത്ത് 1500ഒാളം വരുന്ന സസ്യസമ്പത്തിെൻറ കലവറയാണ് ഇദ്ദേഹം സ്ഥാപിച്ചത്. ഔഷധസസ്യങ്ങൾ, അപൂർവ വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ജലസസ്യങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ഇൗ ഉദ്യാനം. പച്ചക്കറികളും ഇടവിള കൃഷികളും ഇവിടെ തഴച്ചുവളരുന്നു.
അപൂർവങ്ങളായ ശിംശപവൃക്ഷം, കമണ്ഡലു, കടുവപിടുക്കൻ, ചെമ്മരം, ഭൂതി ഉണർത്തി, മരവുരി, കരിങ്ങാലി, അകോരി, കടമ്പുകൾ, നാഗലിംഗമരം, ബ്രൗണിയ, ഊദുമരം, കൽത്താമര, കായം, കാരമരം, സോമലത, റമ്പുട്ടാൻ, ലിച്ചി, മിറാക്കിൾ ഫ്രൂട്ട്, ഫെവികോൾ മരം, പനച്ചി, കർപ്പൂരമരം, രുദ്രാക്ഷം, മരശംഖുപുഷ്പം, മരമഞ്ഞൾ, മരോട്ടി, വിഴാൽ, ശിവകുണ്ഠലം, ഭദ്രാക്ഷം എന്നിവ കൂടാതെ 27 ഇനം നക്ഷത്രവൃക്ഷങ്ങളും 17 ഇനം തുളസിച്ചെടികളും 15ഒാളം ആൽമരങ്ങളും കാണാനാകും. മിക്കതിെൻറയും പേരും ശാസ്ത്രീയനാമങ്ങളും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവയെ കുറിച്ച് പഠിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് ഗവേഷണ വിദ്യാർഥികളും സ്കൂൾ-കോളജ് വിദ്യാർഥികളും എത്താറുണ്ട്. സസ്യങ്ങളെയും അവയുടെ പ്രത്യേകതയും ഇവർക്ക് പറഞ്ഞുകൊടുക്കാൻ കഴിയുന്ന തരത്തിൽ വൈജ്ഞാനിക അടിത്തറയും രമേശ് നേടിയിട്ടുണ്ട്.
തീരദേശഗ്രാമമായ കണ്ടല്ലൂരിനെ തേടി മൂന്നാം തവണയാണ് വനമിത്ര പുരസ്കാരം എത്തുന്നത്. നേരേത്ത കണ്ടല്ലൂർ കൊല്ലകയിൽ ദേവകിയമ്മ, മകൾ പ്രഫ. തങ്കമണി എന്നിവരാണ് പുരസ്കാരം നേടിയത്. ഇവരുടെ വീട്ടുവളപ്പിലെ മൂന്നര ഏക്കറിലും സ്വദേശിയും വിദേശിയുമായ ആയിരത്തോളം വൃക്ഷങ്ങളാണ് വളരുന്നത്.
'ലക്ഷ്മീസ് അറ്റോൾ' എന്ന നാമധേയത്തിലുള്ള ജൈവ ഉദ്യാനത്തിലൂടെ നശിച്ചുകൊണ്ടിരിക്കുന്ന അപൂർവ സസ്യയിനങ്ങളുടെ സംരക്ഷണവും രമേശ് ലക്ഷ്യമാക്കുന്നു. സസ്യവൈവിധ്യ ശേഖരണത്തിനും പരിപാലനത്തിനുമായി കൃഷി വകുപ്പ്, തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവയുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഉദ്യാന പരിപാലനത്തിനൊപ്പം മത്സ്യകൃഷിയും നാടൻ പശു-കോഴി വളർത്തലിലും ശ്രദ്ധ പതിപ്പിക്കുന്നു. റിട്ട. അധ്യാപികയായ ഭാര്യ രമാദേവിയുടെയും മക്കളായ മനുവിെൻറയും ലക്ഷ്മിയുടെയും പിന്തുണയും സസ്യസംരക്ഷണത്തിൽ കരുത്ത് പകരുന്നതായി പൊതുപ്രവർത്തകൻ കൂടിയായ രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.