തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈൻ പദ്ധതിക്ക് പകരമാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പുതിയ സാഹചര്യത്തിൽ സിൽവർ ലൈനിനായുളള പ്രവർത്തനം ശക്തമാക്കാനാണ് സർക്കാർ തീരുമാനം. സില്‍വര്‍ ലൈനിെൻറ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള ശ്രമം തുടരും. വന്ദേഭാരത്, കെ-റെയിലിനു ബദൽ എന്ന നിലക്കാണ് ബി.ജെ.പി കേന്ദ്രങ്ങൾ ചിത്രീകരിക്കുന്നത്.
നിലവിൽ സാമൂഹിക മാധ്യങ്ങളിലുൾപ്പെടെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് വലിയ സംഭവമായി അവതരിപ്പിക്കുന്നതിനെതിരെ ഇടത് അനുകൂല സൈബർ സംഘം രംഗത്തുണ്ട്. വിവിധ നേതാക്കളും ഇന്ത്യയിൽ തന്നെ ഏറ്റവും വരുമാനം റെയിൽവേക്ക് സമ്മാനിക്കുന്ന കേരളത്തിന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.
വന്ദേഭാരത് വലിയ രീതിയിലുള്ള ആഘോഷമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന് പിന്നിൽ സി.പി.എമ്മിന്റെ കെ-റെയിൽ സ്വപ്നം തീർന്നുവെന്ന് വരുത്താനാണ്. ഈയൊരു പശ്ചാതലത്തിൽ ഏറെ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം.
ഇതിനിടെ, കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കാസർകോട് ജില്ലയെ ഒഴിവാക്കി കണ്ണൂരിൽ സർവിസ് അവസാനിക്കും. തിരുവനന്തപുരത്തു നിന്ന് പുലർച്ച അഞ്ചിന് മുമ്പ് പുറപ്പെട്ട് എട്ടുമണിക്കൂറിനകം കണ്ണൂരിലെത്തി തിരിച്ചു രാത്രി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലായിരിക്കും വന്ദേഭാരത് സർവിസ് നടത്തുക. ഇതുസംബന്ധിച്ച് ഔദ്യോഗികമായി റെയിൽവേ അധികൃകതർക്ക് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.
കണ്ണൂരിൽ പകൽ ചുരുങ്ങിയ സമയം മാത്രമേ നിർത്തിയിടുകയുള്ളൂവെന്ന് ഉറപ്പാണ്. സർവിസ് ആരംഭിക്കുന്നതോടെ കണ്ണൂർ കാസർകോട് ജില്ലയിലെയും യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നുറപ്പാണ്. പകൽ സമയങ്ങളിൽ സർവിസ് നടത്തുന്നതിനാൽ വന്ദേഭാരത് സർവിസിന് വേണ്ടി മറ്റു ട്രെയിനുകൾ വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും മറ്റും വേഗത്തിൽ കണ്ണൂരിലേക്ക് എത്താൻ വന്ദേഭാരത് എത്തുന്നതോടെ ഏറെ ഉപകാരപ്രദമാണ്. സർവിസ് സമയങ്ങളിൽ കൂടുതൽ വ്യക്തത വന്നാൽ മാത്രമേ പൂർണരൂപം ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.