വന്ദേഭാരത്​: എക്സിക്യുട്ടിവ്​ ക്ലാസിൽ 50 കിലോമീറ്ററിന് അടിസ്ഥാന നിരക്ക്​ 499 രൂപ

തിരുവനന്തപുരം: ​വന്ദേഭാരതിലെ യാത്ര നിരക്ക്​ നിലവിലെ ജനശതാബ്​ദി നിരക്കിന്‍റെ 1.5 മടങ്ങ്​ അധികം. വന്ദേഭാരതിന്‍റെ പൊതു ഫെയർ ടേബിൾ അടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തലാണ്​ ഇക്കാര്യം വ്യക്തമാകുന്നത്​. കാസർകോട്​ വരെ നീട്ടിയുള്ള പ്രഖ്യാപനം ​കേന്ദ്രമന്ത്രി നടത്തിയെങ്കിലും ട്രെയിനിന്‍റെ ഔദ്യോഗിക സമയക്രമവും നിരക്കും സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച രാത്രിയും പുറത്തിറങ്ങിയിട്ടില്ല. ജി.എസ്.ടിക്ക്​ പുറമെ, റിസർവേഷൻ ഫീസ്, സൂപ്പർ ഫാസ്റ്റ് സർ ചാർജ്, കാറ്ററിങ് ചാർജ് കൂടി അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുമെന്നാണ്​ വിവരം.

50 കിലോമീറ്റർവരെ സഞ്ചരിക്കാൻ 238 രൂപയാണ് എ.സി ചെയർ കാറിലെ അടിസ്ഥാന നിരക്ക്​. മറ്റ്​ ചാർജുകൾ കൂടി ചേരുമ്പോൾ നിരക്ക്​ വീണ്ടുമുയരും. എക്സിക്യുട്ടിവ് ക്ലാസിൽ 50 കിലോമീറ്റർ സഞ്ചരിക്കാൻ മറ്റ്​ ഫീസുകൾ കൂടാതെ, 499 രൂപ നൽകണം. നിരക്കുകൾ വ്യക്തമാക്കി റെയിൽവേ വിജ്ഞാപനം ഇറക്കിയിട്ടില്ലെങ്കിലും നിലവിലെ നിരക്കുകളിൽ വലിയ വ്യത്യാസം വരാനിടയില്ലെന്നാണ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. കൊല്ലം വരെ ട്രെയിനിൽ സഞ്ചരിക്കാനുള്ള ദൂരം 65 കിലോമീറ്ററാണ്. ഈ ദൂരം വന്ദേഭാരതിൽ സഞ്ചരിക്കാൻ നിലവിലെ അടിസ്ഥാന നിരക്ക്​ അനുസരിച്ച് 290 രൂപയാണ്​ എക്സിക്യുട്ടിവ് ക്ലാസിൽ 608 രൂപയും. എന്നാൽ, മറ്റ്​ ചാർജുകൾ കൂടി ഉൾപ്പെടുമ്പോൾ നിരക്ക്​ വീണ്ടും വർധിക്കും.

വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡം മെയിൽ-എക്സ്പ്രസ് ട്രെയിനുകൾക്ക് സമാനമാണ്. ബുക്കിങ്, കാൻസലേഷൻ, റീഫണ്ട് എന്നിവക്ക്​ ശതാബ്ദി ട്രെയിനുകളുടെ മാനദണ്ഡമാണ് ബാധകം. എം.പിമാരുടെ പാസ്, എം.എൽ.എ കൂപ്പൺ, മറ്റ്​ കൂപ്പണുകൾ, മിലിറ്ററി-പാരാമിലിറ്ററി വാറന്റുകൾ തുടങ്ങി റെയിൽവേക്ക്​ പണം തിരികെ ലഭിക്കുന്ന പാസുകൾ അനുവദിക്കും. യാത്രാ ഇളവോ, കുട്ടികൾക്ക് പ്രത്യേക നിരക്കോ ഇല്ല. റെയിൽവേ ജീവനക്കാരുടെ പാസുകളും അനുവദിക്കില്ല.

അടിസ്ഥാന നിരക്ക്​ അനുസരിച്ചുള്ള നിരക്ക്​ (മറ്റ്​ ചാർജുകൾ ഉൾപ്പെടാതെ)

റൂട്ട്​ കിലോമീറ്റർ ചെയർകാർ എക്സിക്യുട്ടിവ്​ ക്ലാസ്​

തിരുവനന്തപുരം-കൊല്ലം 65 കി.മീ 290 608

തിരുവനന്തപുരം-കോട്ടയം 161 കി.മീ 399 844

തിരുവനന്തപുരം-എറണാകുളം 223 കി.മീ 496 1039

തിരുവനന്തപുരം-തൃശൂർ 295 കി.മീ 601 1251

തിരുവനന്തപുരം-കോഴിക്കോട്​ 413 കി.മീ 777 1621

തിരുവനന്തപുരം-കണ്ണൂർ 502 കി.മീ 935 1958

ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5.10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തും.

വന്ദേഭാരതത്തിൻറെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംബന്ധി​​ച്ചേക്കും. നിലവിൽ തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. ​ഇക്കാര്യത്തിൽ അന്തിമ തീരുമാനം എസ്.പി.ജിയുടെതാവും. ഏപ്രില്‍ 25ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കാനും സാധ്യതയുണ്ട്.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി എട്ട് സ്റ്റോപ്പാണുള്ളത്. വന്ദേഭാരതിന്‍റെ ട്രയല്‍ റണ്‍ ഇന്നലെ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് പരീക്ഷണയോട്ടം നടത്തിയത്. ഇതിൽ, തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള ആദ്യ റീച്ചില്‍ 90 കിലോമീറ്റര്‍ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍ കോട്ടയമെത്താന്‍ എടുത്തത് രണ്ട് മണിക്കൂര്‍ 16 മിനിട്ട്.

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂര്‍ സമയം കൊണ്ട് വന്ദേഭാരത് തൃശൂരിലെത്തി. അടുത്ത സ്റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് ഒരു മണിക്കൂര്‍ അഞ്ച് മിനിട്ട്. തിരൂരില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താനെടുത്തത് മൊത്തം ആറു മണിക്കൂര്‍ ആറ് മിനിട്ട്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താന്‍ ഏഴ് മണിക്കൂര്‍ 10 മിനിട്ടാണ് എടുത്തത്. കേരളത്തിലെ ​റെയിൽപാളത്തിലെ പ്രശ്നങ്ങൾ വന്ദേഭാരതിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - Vandebharat Train fare announced in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.