കൊച്ചി: വണ്ടിപ്പെരിയാറിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരം കുറ്റം ചുമത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ ഉന്നയിക്കണമെന്ന് ഹൈകോടതി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ നിർദേശം.
പ്രതിക്കെതിരെ ഈ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ഹരജിക്കാരന് സെഷൻസ് കോടതി ജഡ്ജിയെ സമീപിക്കാം. ഇരുവിഭാഗത്തിന്റെയും വാദം കേട്ട് ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്തണോയെന്ന് സെഷൻസ് കോടതി തീരുമാനിക്കണം.
എന്നാൽ, മേയ് ഒമ്പതിന് തുടങ്ങുന്ന വിചാരണയുടെ തീയതി മാറ്റണമെന്നോ വൈകിപ്പിക്കണമെന്നോ ഇതിനർഥമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈയാവശ്യമുന്നയിച്ച് നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായിരുന്നു അപ്പീൽ. സിംഗിൾബെഞ്ച് വിധിയിലെ നിരീക്ഷണങ്ങൾ ഡിവിഷൻ ബെഞ്ച് നീക്കി.
പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ 2021 ജൂൺ 30നാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി പ്രതി അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നായിരുന്നു ഹരജിക്കാരന്റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.