കുമളി: വണ്ടിപ്പെരിയാർ ബാലിക കൊലപാതക കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിനുണ്ടായ കാലതാമസം പ്രതിക്ക് തുണയായെന്ന സംശയം ബലപ്പെടുന്നു. ആദ്യഘട്ടത്തിൽ കുട്ടി കളിക്കുന്നതിനിടെ ഷാൾ കുരുങ്ങി മരിച്ചെന്ന പൊലീസിന്റെ നിഗമനമാണ് അന്വേഷണം തുടങ്ങാൻ വൈകിയത്. ഇത് പ്രതിക്ക് തെളിവ് നശിപ്പിക്കാൻ അവസരം നൽകിയതായാണ് ആരോപണം. മരിച്ചനിലയിൽ കണ്ടെത്തിയ കുട്ടിയെ പല കൈകൾ കൈമാറി ആശുപത്രിയിലേക്ക് കൊണ്ടുപോയതും കൊലപാതകത്തിന് ഉപയോഗിച്ച ഷാൾ ഉൾപ്പെടെ കട്ടിൽ, ഷീറ്റ് എന്നിവയിൽനിന്നെല്ലാം കൃത്യമായ വിരലടയാളം ലഭിക്കാതെ നഷ്ടമായതും തിരിച്ചടിയായി.
കുട്ടിയുടെ മൃതദേഹത്തിൽനിന്ന് പ്രതിയുടെ ശരീരത്തിലെ സ്രവങ്ങൾ അടക്കം തെളിവുകൾ കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ദൃക്സാക്ഷികൾ ഇല്ലാത്ത കുറ്റകൃത്യത്തിൽ, സാഹചര്യത്തെളിവുകൾ മാത്രം ആശ്രയിച്ചാണ് കേസന്വേഷണം മുന്നോട്ടുപോയത്. കാലതാമസം പല തെളിവുകളും ഇല്ലാതാക്കി. അടഞ്ഞുകിടന്ന മുറിക്കുള്ളിൽ കുട്ടി മരിച്ചുകിടന്നതാണ് ആദ്യഘട്ടത്തിൽ പൊലീസിനെ കുഴക്കിയത്. കുട്ടിയുമായി മുറിക്കുള്ളിൽ കയറിയ പ്രതി കൊലപാതകത്തിനുശേഷം ജനൽവഴി പുറത്തിറങ്ങിയതും പിന്നീട് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഘട്ടത്തിൽ ആരുടെയും ശ്രദ്ധയിൽപെടാതെ ജനലിന്റെ കുറ്റിയിട്ടതും പൊലീസിനെ വട്ടം കറക്കിയതായി നാട്ടുകാർ പറയുന്നുണ്ട്.
കൊലപാതകം നടന്ന ദിവസം കുട്ടിയെ കണ്ടിട്ടേയില്ലെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, കുട്ടിയുമായി അർജുൻ ഫോണിൽ ഗെയിം കണ്ടിരിക്കുന്നത് നേരിട്ട് കണ്ടതായി അയൽവാസി സ്ത്രീ നൽകിയ മൊഴിയാണ് അർജുനിലേക്ക് അന്വേഷണം എത്തിച്ചത്. പ്രതി കുറ്റം സമ്മതിക്കുകയും സാക്ഷികൾ തിരിച്ചറിയുകയും ചെയ്തെങ്കിലും ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയാണ് നിർണായകമായത്. രാഷ്ട്രീയ സ്വാധീനമുണ്ടായതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.