കുമളി: പിഞ്ചുബാലികയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ വണ്ടിപ്പെരിയാർ സംഭവത്തിൽ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധികേട്ട് നടുങ്ങി നാട്ടുകാർ. കേസിൽ അറസ്റ്റിലായ അർജുനെ (24) വെറുതെവിട്ട കോടതി വിധിയാണ് നാട്ടുകാരിൽ നടുക്കവും നിരാശയും സൃഷ്ടിച്ചത്. 2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലയത്തിലെ കിടപ്പുമുറിയിൽ വാഴക്കുല തൂക്കാൻ കെട്ടിയ കയറിൽ ഷാൾ കുരുങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുറിക്കുള്ളിൽ കളിക്കുന്നതിനിടെ ഷാൾ കയറിൽ കുരുങ്ങി കുട്ടി മരിച്ചതാവാമെന്നതായിരുന്നു ആദ്യ നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനിടെയാണ് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങൾക്കിരയാക്കിയിരുന്നതായി കണ്ടെത്തിയത്.
ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ കൂടെ മേൽനോട്ടത്തിലായിരുന്നു വിശദമായ പോസ്റ്റ്മോർട്ടം നടപടികൾ. കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നതോടെ വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ദിവസങ്ങൾക്കുള്ളിൽ ലയത്തിലെ താമസക്കാരനായ അർജുനെ അറസ്റ്റ് ചെയ്തു. കുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവദിവസം പീഡനത്തിനിടെ ബോധരഹിതയായ കുട്ടി മരിച്ചെന്നുകരുതി ഷാളിൽ തൂക്കി കയറിൽ കുടുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
ഷാൾ കഴുത്തിലിട്ട് വലിച്ചു മുറുക്കുന്നതിനിടെ കുട്ടി കണ്ണ് തുറന്നതായും ഷാൾ വലിച്ചുമുറുക്കി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മുറിയിലെ ജനൽവഴി പുറത്തിറങ്ങി പ്രതി കടന്നുകളയുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മരിച്ച ബാലികയുടെ ഭാരം കണക്കാക്കി 18.5 കിലോ ഭാരവും 112 സെ.മീ. ഉയരവുമുള്ള ഡമ്മി സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
ദൃശ്യമാധ്യമങ്ങളുടെ സാന്നിധ്യത്തിൽ വീട്ടിലെ അലമാര തുറന്ന് ഷാൾ എടുത്തതും കൊലപാതകം നടത്തിയശേഷം ജനലിലൂടെ പുറത്തിറങ്ങിയതും പ്രതി കാണിച്ചതോടെ പരമാവധി തെളിവുകൾ ശേഖരിക്കുന്ന ജോലിയിലായി പൊലീസ്.പ്രതി കുട്ടിക്ക് പതിവായി ചോക്ലേറ്റ് വാങ്ങി നൽകിയിരുന്ന വണ്ടിപ്പെരിയാർ ടൗണിലെ കടയുടമ ഉൾപ്പെടെ 48 സാക്ഷികളെയും 68ലധികം രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടും കേസിൽ നടന്ന അട്ടിമറി അന്വേഷണ സംഘത്തെയും ഞെട്ടിച്ചതായാണ് വിവരം.
കട്ടപ്പന: പ്രതിയെ വെറുതെ വിട്ട വിധി കേട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ നിലവിളിക്കുന്നതിനിടെ കുട്ടിയുടെ മുത്തശ്ശി പ്രതിയെ ആക്രമിക്കാൻ ചുടുകട്ടയുമായി പാഞ്ഞടുത്തു. കോടതിയുടെ രണ്ടാം നിലയിൽനിന്ന് നെഞ്ചത്തിടിച്ച് അവർ വിലപിച്ചു. തുടർന്ന് പടിക്കെട്ടിറങ്ങി ഓടി പുറത്തുവന്ന അവർ കോടതി വളപ്പിൽ കിടന്ന ചുടുകട്ട എടുത്ത് പ്രതിയെ ആക്രമിക്കാൻ വീണ്ടും രണ്ടാം നിലയിലേക്ക് പോകാനൊരുങ്ങി. ഇവരുടെ നീക്കം ശ്രദ്ധിച്ച വനിത പൊലീസ് ചുടുകട്ട പിടിച്ചുവാങ്ങുകയായിരുന്നു.
ആക്രോശിച്ചടുത്ത ജനങ്ങളിൽനിന്ന് പ്രതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പിൽ കയറ്റിയത്. ഇതോടെ ജീപ്പ് തടഞ്ഞ ബന്ധുക്കൾ വാഹനത്തിന്റെ ചില്ലിൽ ശക്തമായി ഇടിച്ചും അടിച്ചും രോഷം പ്രകടിപ്പിച്ചു. ആളുകളെ മാറ്റി ഒരു വിധത്തിലാണ് പൊലീസ് പ്രതിയെ സ്ഥലത്തുനിന്ന് മാറ്റി പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.