തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിന് പ്രവൃത്തി പരിചയമായി കാണിച്ച സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്ന് സർവകലാശാല രേഖ. ഇത് അധ്യാപക തസ്തികയാണെന്ന് കാണിച്ച് പ്രിയാ വർഗീസ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ തസ്തികയിലെ ഡെപ്യൂട്ടേഷൻ നിയമനകാലയളവ് കൂടി ചേർത്താണ് പ്രിയക്ക് അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമനത്തിന് ആവശ്യമായ അധ്യാപക പരിചയമായി സർവകലാശാല പരിഗണിച്ചത്.
എന്നാൽ, സെപ്റ്റംബർ 16ന് ചേർന്ന കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ വന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ സ്ഥിരംസമിതി അധ്യക്ഷയായ എൻ. സുകന്യയാണ് തസ്തിക അനധ്യാപക വിഭാഗത്തിലാണെന്ന് വ്യക്തമാക്കിയത്. പ്രിയാ വർഗീസിന്റെ നിയമനത്തിന് ഡെപ്യൂട്ടേഷൻ കാലയളവ് പ്രവൃത്തിപരിചയമായി പരിഗണിച്ച സർവകലാശാല നിലപാട് തള്ളുന്നതും ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധവുമാണ് സെനറ്റ് യോഗത്തിലെ രേഖ. ഗവേഷണകാലം അസോസിയേറ്റ് പ്രഫസറുടെ നേരിട്ടുള്ള നിയമത്തിന് അധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന് യു.ജി.സി കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്ന് യു.ജി.സി അറിയിച്ചിരുന്നു. ഫലത്തിൽ പ്രിയാ വർഗീസ് ഗവേഷണത്തിന് വിനിയോഗിച്ച കാലവും സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചകാലവും അസോസിയേറ്റ് പ്രഫസർ നിയമനത്തിന് പരിഗണിച്ച സർവകലാശാല നടപടി നിയമവിരുദ്ധമെന്ന് വ്യക്തമായി.
സർവകലാശാല രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രിയാ വർഗീസിന്റെ ദിവസവേതന അധ്യാപന കാലയളവും ഗവേഷണകാലവും ഉൾപ്പെടെ 11 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. കേസ് ഹൈകോടതി നവംബർ രണ്ടിന് പരിഗണിക്കും. അതുവരെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.