കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില മെച്ചപ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കൽ ബോർഡ് ഇന്ന് വീണ്ടും ചേരും. വെന്‍റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. വെന്റിലേറ്റർ പൂർണമായും നീക്കി ആരോഗ്യനില വിലയിരുത്തിയാൽ മാത്രമേ അപകടാവസ്ഥ തരണം ചെയ്തോയെന്ന് പറയാൻ കഴിയൂ.
ഇന്നലെ പുലർച്ചെ മുതൽ അദ്ദേഹം സ്വയം ശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. തട്ടിവിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല.
കോട്ടയം കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ സുരേഷിന്‍റെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.