ഗാന്ധിനഗർ: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ' കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് തീവ്രപരിചരണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ പറഞ്ഞു. തലച്ചോറിന്‍റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ട്. കൈ പൊക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഉയർത്തുവാൻ ശ്രമിച്ചു. ഇത് പുരോഗതിയുടെ ലക്ഷണമാണ്. കൂടാതെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിലുമാണ്.
പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 20 ശതമാനം മാത്രമായിരുന്നു രക്തസമ്മർദ്ദം. ഇതാണ് ഇപ്പോൾ സാധാരണ നിലയിലായത്.വാവ സുരേഷിന്‍റെ ചികിത്സയ്ക്ക് ആശുപത്രി സൂപ്രണ്ടും ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തെ ഇന്നലെ നിയോഗിച്ചിരുന്നു. കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ്, മെഡിസിൻ മേധാവി ഡോ. സംഗ മിത്ര, തീവ്ര പരിചരണ വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യനില വിലയിരുത്തുന്നത്. ഇന്നു പുലർച്ചെ മൂന്നു വരെ സുരേഷിന്‍റെ സമീപത്തു തന്നെ ഇരുന്ന്, ഓരോ മണിക്കൂറിലും ഉണ്ടാകുന്ന പുരോഗതി വിലയിരുത്തി, ആരോഗ്യ വകുപ്പ് ഉൾപ്പെടെ മുഴുവൻ അധികൃതരേയും അറിയിച്ചിട്ടുണ്ടെന്ന് ഡോ. രതീഷ് പറഞ്ഞു.
സുരേഷിന്‍റെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ ചെലവുകളും സർക്കാരും ആശുപത്രി വികസന സമിതിയും വഹിക്കുമെന്ന് ഇന്നലെ സുരേഷിനെ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെത്തിക്കുവാൻ ഒപ്പമുണ്ടായിരുന്ന സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. നല്ല പരിചരണവും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.