തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽനിന്ന് ചാൻസലറുടെ പ്രതിനിധിയെ ഒഴിവാക്കാൻ ശിപാർശ. പകരം ചെയർമാൻ പദവിയോടെ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്താനും മന്ത്രി ഡോ. ആർ. ബിന്ദുവിെൻറ അധ്യക്ഷതയിൽ േചർന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി യോഗം ശിപാർശ ചെയ്തു. യോഗത്തിെൻറ മിനിറ്റ്സ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. യു.ജി.സി െറഗുലേഷൻ പ്രകാരം സെർച് കമ്മിറ്റിയിൽ സർക്കാറിന് ഒൗദ്യോഗിക പ്രതിനിധിയില്ല. ചാൻസലറുടെ പ്രതിനിധി, സർവകലാശാല പ്രതിനിധി, യു.ജി.സി ചെയർമാെൻറ പ്രതിനിധി എന്നിവർ അടങ്ങിയതാണ് െറഗുലേഷൻ പ്രകാരമുള്ള സെർച് കമ്മിറ്റി ഘടന. ചാൻസലറുടെ പ്രതിനിധിയായി ഏറെക്കാലമായി ചീഫ് സെക്രട്ടറിമാരാണ് വരാറുള്ളത്.
ചാൻസലറുടെ പ്രതിനിധി എന്നത് മാറ്റി പകരം സംസ്ഥാന സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്താനും കമ്മിറ്റി ചെയർപേഴ്സൺ ആക്കാനുമാണ് ശിപാർശ. കണ്ണൂർ, കാലടി സർവകലാശാലകളിലെ വി.സി നിയമന നടപടി ചാൻസലറായ ഗവർണറുടെ വെളിപ്പെടുത്തലോടെ വിവാദത്തിലായിരിക്കെയാണ് മന്ത്രി ഡോ. ബിന്ദുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിെൻറ മിനിറ്റ്സ് പുറത്തുവരുന്നത്.
വി.സിമാരെ തെരഞ്ഞെടുക്കുന്നതിൽ വിവിധ സർവകലാശാല ആക്ടുകളിലെ വൈരുധ്യങ്ങൾ പരിഹരിക്കാൻ എന്ന നിലയിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെർച് കമ്മിറ്റിക്ക് പുതിയ ഘടന നിർദേശിച്ചത്. ഇതുവഴി സർവകലാശാല നിയമവ്യവസ്ഥകൾ ഏകീകരിക്കാൻ വഴിയൊരുങ്ങുമെന്നും യു.ജി.സി െറഗുലേഷൻ പ്രകാരമുള്ള വ്യവസ്ഥകൾ നടപ്പാക്കാൻ കഴിയുമെന്നും കൗൺസിൽ ഗവേണിങ് േബാഡി യോഗത്തിെൻറ മിനിറ്റ്സിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.