കൊച്ചി: ചുമതലയേറ്റെങ്കിലും ഒപ്പിടാൻ പോലും സമ്മതിക്കുന്നില്ലെന്ന് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ ഹൈകോടതിയിൽ. ഉദ്യോഗസ്ഥർ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഡിജിറ്റൽ ഒപ്പിടാനുള്ള സൗകര്യം സർവകലാശാല അധികൃതർ ഒരുക്കിത്തന്നിട്ടില്ല. വിദ്യാർഥികളുടെയും ചില ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.
ഒപ്പിടേണ്ട ബുക്ക് പോലും ലഭ്യമാക്കാത്തതിനാൽ വെള്ളക്കടലാസിൽ ഒപ്പിട്ടാണ് ചുമതലയേറ്റത്. ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ അപേക്ഷ നൽകുന്നുണ്ടെങ്കിലും ഒപ്പിട്ടു നൽകാനാവുന്നില്ല. വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ലെന്നും വി.സിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
യു.ജി.സി മാനദണ്ഡം പാലിക്കാതെയാണ് നിയമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവിലൂടെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയശേഷം സർക്കാർ നൽകിയ പേരുകൾ പരിഗണിക്കാതെ ചാൻസലറായ ഗവർണറാണ് ഡോ. സിസ തോമസിനെ നിയമിച്ചത്.
ഇതിനെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് വി.സിയുടെ വിശദീകരണം. സാങ്കേതിക സർകലാശാല വൈസ് ചാൻസലറാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് ഹരജിയിൽ പറയുന്നു. 31 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് അക്കാദമിക് കാര്യങ്ങളടക്കം ചുമതലയുള്ള ജോയന്‍റ് ഡയറക്ടറായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിയമിക്കപ്പെട്ടത്.
എൻജിനീയറിങ് കോളജിൽ നിലവിലുള്ള പ്രിൻസിപ്പൽമാരേക്കാൾ അക്കാദമിക് യോഗ്യത തനിക്കാണെന്നും വി.സിയുടെ ചുമതല നൽകുന്നതിന് മുമ്പ് ചാൻസലറുടെ ഓഫിസിൽനിന്ന് സമ്മതം തേടിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.