തൃശൂർ: കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലെ കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാല പ്രതിനിധി എസ്. ഹരിലാലിനെ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു സസ്പെൻഡ് ചെയ്തു. 'വിവരക്കേട് പറയരുത്'' എന്ന് രജിസ്ട്രാറാട് താൻ പറഞ്ഞതാണ് ഇത്തരമൊരു നടപടിക്ക് കാരണമായതെന്ന് ഹരിലാൽ 'മാധ്യമ'ത്തോട് പറഞ്ഞു.
ജൂലൈ 30ന് ചേർന്ന 144ാം ജനറൽ കൗൺസിൽ യോഗത്തിൽ കൺവീനറായ രജിസ്ട്രാർക്കെതിരെ മര്യാദയും ബഹുമാനവും ഇല്ലാതെ പെരുമാറുകയും അൺപാർലമെന്‍ററി പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. അടുത്ത രണ്ട് യോഗത്തിൽനിന്ന് ഹരിലാലിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ചൊവ്വാഴ്ചയാണ് രജിസ്ട്രാർ ഉത്തരവിറക്കിയത്.
അതേസമയം, ജനറൽ കൗൺസിലിൽനിന്ന് ഒരുഅംഗത്തെ സസ്പെൻഡ് ചെയ്തതിലൂടെ ഇല്ലാത്ത അധികാരമാണ് വി.സി പ്രയോഗിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സി.പി.എം ആഭിമുഖ്യത്തിലുള്ള സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷന്‍റെ സംസ്ഥാന സെക്രട്ടറിയാണ് ഹരിലാൽ. കാർഷിക സർവകലാശാല വി.സിയുടെ ഏകാധിപത്യത്തിന് എതിരെയും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സർവകലാശാല സംരക്ഷണസമിതി ജൂലൈയിൽ സംസ്ഥാനതലത്തിൽ നടത്തിയ ജാഥയുടെ മുന്നണിയിൽ ഹരിലാൽ ഉണ്ടായിരുന്നു.
സർവകലാശാല ചട്ടം വ്യവസ്ഥ ചെയ്യാത്ത നടപടിയാണ് വൈസ് ചാൻസലർ സ്വീകരിച്ചതെന്ന് ഹരിലാൽ 'മാധ്യമ'ത്തോട് പറഞ്ഞു. ആരോപിക്കപ്പെടുന്നതുപോലെ യോഗത്തിൽ ഒരുഅംഗം മോശമായി സംസാരിക്കുകയോ പെരുമാറുകയോ മറ്റോ ഉണ്ടായാൽ ആ യോഗത്തിൽനിന്ന് പിൻവാങ്ങാൻ അധ്യക്ഷൻ എന്ന നിലയിൽ വി.സിക്ക് ആവശ്യപ്പെടാം. അതിന് ഫലമില്ലെങ്കിൽ യോഗം സസ്പെൻഡ് ചെയ്യാം. അതല്ലാതെ അംഗത്തെ സസ്പെൻഡ് ചെയ്യാൻ അവകാശമില്ല.
അന്നത്തെ യോഗത്തിൽ ചില നടപടിക്രമങ്ങൾ അനാവശ്യമായി നീട്ടിയപ്പോൾ താൻ നിയമം വായിച്ച് വ്യക്തത വരുത്താനാണ് ശ്രമിച്ചത്. അതിൽ ഇടപെട്ട് രജിസ്ട്രാർ സംസാരിച്ചു. രജിസ്ട്രാർക്ക് ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കാൻപോലും അവകാശമില്ല. ''വിവരക്കേട് പറയരുത്'' എന്ന് താൻ ചൂണ്ടിക്കാണിച്ചതിനെയാണ് ഇത്തരമൊരു നടപടിക്ക് കാരണമാക്കിയത്. അതിലുപരി, യോഗം നടക്കാത്തപ്പോൾ സസ്പെൻഡ് ചെയ്യുന്നതും തെറ്റായ രീതിയാണ്. ഇതിനെതിരെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും ഹരിലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.