നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കി. ഹയര്‍ എജ്യുക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

നീറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോള്‍ ഉയർന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്. നീറ്റ് ഫലങ്ങളിലെ ഏതെങ്കിലും അപാകത യോഗ്യതയുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ ഗുണനിലവാരം മോശമാക്കും, ഇത് വരും തലമുറകളോടുള്ള വലിയ അനീതിയാണ്. അതിനാൽ, നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കനത്ത ആഘാതം കിട്ടിയിട്ടും പിണറായി വിജയൻ ധാർഷ്ട്യം മാറ്റിയിട്ടില്ല -വി.ഡി. സതീശൻ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിലൂടെ കനത്ത ആഘാതം ജനങ്ങളിൽനിന്ന് കിട്ടിയിട്ടും പിണറായി വിജയൻ ധാർഷ്ട്യം മാറ്റിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിഷപ് മാർ കൂറിലോസിനെ വിവരദോഷി എന്ന് പറഞ്ഞത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ചില പാഠങ്ങൾ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പഠിപ്പിക്കുമെന്നാണ് കരുതിയത്. തിരുത്തലുകൾക്ക് വിധേയമാകുമെന്ന മുഖ്യമന്ത്രിയുടെ വാർത്ത കണ്ടു. എന്നാൽ, ഒരു തിരുത്തലിനും വിധേയനാകില്ല എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ബിഷപ് മാർ കൂറിലോസിനെ വിവരദോഷി എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ നടത്തിയ കമന്‍റ്. സർക്കാറിനെ വിമർശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ഈ ധാർഷ്ട്യം ഇത്രയും കനത്ത ആഘാതം ജനങ്ങളിൽനിന്ന് കിട്ടിയിട്ടും പിണറായി വിജയൻ അത് മാറ്റിയിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്നു -വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - VD astheesan sedn letter to Centre govt regarding NEET examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.