പൗരത്വ നിയമം ജനത്തെ ഭിന്നിപ്പിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രം, കോണ്‍ഗ്രസ് അതിശക്തമായി നേരിടും -വി.ഡി. സതീശൻ

കോട്ടയം: പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്റ്റ് തന്ത്രമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും ഈ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതിശക്തമായി നേരിടുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഒരാള്‍ രാജ്യത്ത് ജീവിക്കണമോയെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് എന്ത് അവകാശമാണുള്ളത്? സര്‍ക്കാര്‍ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഉത്കണ്ഠയുണ്ടാക്കും. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രാണപ്രതിഷ്ഠ നടത്തി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തിയുള്ള നാടകമുണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമവും.

പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. പൗരത്വ നിയമനത്തിനെതിരെ മുസ്‍ലിംലീഗ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നേയില്ലെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്. അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ച് ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ചെങ്കിലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്താനുള്ള ശ്രമമാണെന്ന കോണ്‍ഗ്രസ് നിലപാടാണ് രാജ്യം അംഗീകരിച്ചത്.

ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ പുതിയ ആയുധമെടുത്തിരിക്കുന്നത്. ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ അനുകൂലിക്കില്ല. നിയമത്തിനെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ സഹകരിക്കും -സതീശൻ പറഞ്ഞു.

Tags:    
News Summary - VD satheesan against Citizenship Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.