വൈദ്യുതി ചാര്‍ജ് വര്‍ധന: സര്‍ക്കാറിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു -വി.ഡി. സതീശൻ

തിരുവനന്തപുരം: നികുതിക്കൊള്ളയും സര്‍ചാര്‍ജും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ചതിന് പിന്നാലെ വൈദ്യുതി നിരക്കും വര്‍ധിപ്പിച്ച സര്‍ക്കാര്‍ ജനങ്ങളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിനുണ്ടാക്കിയ നഷ്ടം നിരക്ക് വര്‍ധനയിലൂടെ ജനങ്ങളില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണം. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെ ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നത്.

കെ.എസ്.ഇ.ബിയെ സര്‍ക്കാര്‍ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. 1957 മുതല്‍ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നത് പിണറായി സര്‍ക്കാറിന്റെ ഭരണം കൊണ്ട് 40,000 കോടിയായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളര്‍ പദ്ധതിയിലും 50,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി -വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan against electricity charge hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.