തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അഴിമതി ആരോപണവുമായി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. വി.ഡി. സതീശൻ മത്സ്യവണ്ടിയിൽ 150 കോടി രൂപ കടത്തിയെന്നും അത് ഇ.ഡി അന്വേഷിക്കാത്തത് കോൺഗ്രസ്-ബി.ജെ.പി അന്തർധാരയാണെന്നും ജയരാജൻ പറഞ്ഞു. പി.വി. അൻവർ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ആരോപണം അന്ന് പ്രതിപക്ഷ നേതാവ് നിഷേധിച്ചിരുന്നു. ഇതാദ്യമായാണ് ഒരു സി.പി.എം നേതാവ് പി.വി. അൻവറിന്റെ ആരോപണം ഏറ്റുപിടിക്കുന്നത്.
ഇ.പി. ജയരാജന്റെ ഭാര്യക്ക് ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോർട്ട് ബി.ജെ.പി തിരുവനന്തപുരം സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള നിരാമയ കമ്പനി ഏറ്റെടുത്തത് സി.പി.എം-ബി.ജെ.പി പൊളിറ്റിക്കൽ ഡീൽ ആണെന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ആരോപണം തള്ളിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷേ, വൈദേകം-നിരാമയ കരാർ സംബന്ധിച്ച വിശദീകരണത്തിന് തയാറായില്ല.
പാർട്ടിയിൽനിന്ന് നേരിട്ടുള്ള പിന്തുണയില്ലെന്ന ഘട്ടത്തിലാണ് ഇ.പി. ജയരാജൻ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത പ്രത്യാരോപണവുമായി രംഗത്തുവന്നത്. തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനുപിന്നില്‍ സതീശനാണ്. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനുപിന്നിൽ വി.ഡി. സതീശനാണ്. കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകി. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത ചമച്ചത് സതീശനാണ്. വൈദേകത്തിൽ ഭാര്യക്കുള്ള ഓഹരി വിൽക്കുകയാണ്. കമ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. അതിനാലാണ് ഓഹരി വിൽക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
പറവൂർ: ഇ.പി. ജയരാജനും കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇ.പി. ജയരാജന് ശരിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരില്‍ വാര്‍ത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കോ ഭാര്യക്കോ ഓഹരി പങ്കാളിത്തം ഉണ്ടെങ്കില്‍ അത് പ്രതിപക്ഷ നേതാവിനും ഭാര്യക്കും നല്‍കാമെന്ന് പറഞ്ഞിരുന്ന ജയരാജന്, ഇന്ന് തന്റെ ഭാര്യക്ക് വൈദേകത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ്. എനിക്കും കുടുംബത്തിനും ജയരാജന്റെ ഓഹരി വേണ്ട. ജയരാജന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി കരാറുണ്ടാക്കിയശേഷമാണ് വൈദേകം-നിരാമയ റിസോർട്ട് എന്ന് പേരുമാറ്റിയത്.
സമുന്നതനായ പാർട്ടി നേതാവും ബി.ജെ.പി നേതാവും തമ്മില്‍ ബിസിനസ് പങ്കാളിത്തം അനുവദിക്കുന്ന പാര്‍ട്ടിയാണോ സി.പി.എം? ഇത്തരം ബിസിനസിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അറിഞ്ഞില്ലേ? കേരളത്തില്‍ പല മണ്ഡലത്തിലും ബി.ജെ.പി രണ്ടാംസ്ഥാനത്ത് വരുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മിടുമിടുക്കന്മാരാണെന്നും ജയരാജന് പറഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ ബന്ധമെന്തെന്ന് ഞങ്ങള്‍ അന്വേഷിച്ചത്. അപ്പോഴാണ് ഇവർ തമ്മിലുള്ള ബിസിനസ് ബന്ധം മനസ്സിലായത്. വൈദേകം റിസോര്‍ട്ടില്‍ നടന്ന ഇ.ഡി റെയ്ഡ് സെറ്റില്‍ ചെയ്യാനാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുത്തത്. ഇങ്ങനെ ഭയപ്പെടുത്തിയാണോ വൈദേകവുമായി കരാര്‍ ഉണ്ടാക്കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയണം. കൊടകര കുഴല്പണക്കേസില് പിടിച്ചെടുത്ത പണം ഇന്‍കം ടാക്സിനെ ഏല്പിച്ചിട്ടില്ലെന്ന് ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുഴൽപണക്കേസ് അന്വേഷണം എന്തായി? പ്രധാനപ്പെട്ട ഒരു ബി.ജെ.പി നേതാവും കേസില്‍ പ്രതിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.