ദുരന്തം വരാന്‍ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി -വി.ഡി. സതീശൻ

തിരുവനന്തപുരം: ദുരന്തം വന്നാല്‍ മാത്രമെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തൂവെന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തം വരാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ്. നിപ വന്നതുകൊണ്ടാണ് ഇന്നലെ ആറ് മണിക്ക് പത്രസമ്മേളനം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ദുരന്തം വരാന്‍ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ഏഴ് മാസത്തെ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായതിനെ സ്വാഗതം ചെയ്യുന്നു -സതീശൻ പറഞ്ഞു.

മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ദുര്‍ബലമായ വാദമാണെന്ന് സതീശൻ പറഞ്ഞു. 1961-ലെ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം നിയമപരമായി രൂപീകൃതമായ സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡാണ് 1.72 കോടി രൂപ സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക്കിലേക്ക് മാറ്റിയിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിരിക്കുന്നത്. രണ്ട് കമ്പനികളും തമ്മില്‍ എഗ്രിമെന്റ് ഉണ്ടെങ്കിലും ഒരു സര്‍വിസും നല്‍കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഒരു സര്‍വിസും കിട്ടിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ കമ്പനിയിലെ ജീവനക്കാരാരും മൊഴി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി 1.72 കോടി രൂപ കൈമാറിയെന്ന കണ്ടെത്തലിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. രാഷ്ട്രീയ പ്രേരിതമെന്നത് സ്ഥിരം വാക്കാണ്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത് എങ്ങനെ രാഷ്ട്രീയപ്രേരിതമാകും? ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് ദുര്‍ബലമായ വാദമാണ്. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ കുറിച്ച് ഗൗരവതരമായി അന്വേഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി എന്നത് പിണറായി വിജയനാണെന്ന് സി.എം.ആര്‍.എല്ലിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. വെറും പി.വി എന്നല്ല പിണറായി വിജയന്‍ എന്നു തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ അദ്ദേഹത്തിന് ആ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് തോന്നും.

സോളാര്‍ ഗൂഡാലോചന അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍പ്പെടുത്താന്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസമാണ് പരാതിക്കാരിയെ വിളിച്ചു വരുത്തി ഗൂഡാലോചന ആരംഭിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡാലോചനയിലെ ഒന്നാം പ്രതിയുടെ കൈയ്യില്‍ പരാതി നല്‍കാന്‍ വിഡ്ഢികളല്ല ഞങ്ങള്‍. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.

വി.എസ് അച്യുതാനന്ദനൊപ്പമായിരുന്നതിനാല്‍ നന്ദകുമാറുമായി നേരത്തെ മുഖ്യമന്ത്രി ശത്രുതയിലായിരുന്നു. ഇപ്പോള്‍ നന്ദകുമാര്‍ സ്വന്തം ആളാണ്. മുഖ്യമന്ത്രി മുറിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്ന ആളുടെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ ഇ.പി ജയരാജന്‍ എപ്പോഴും പോകുന്നത് എന്തിനാണ്? ഇടത് മുന്നണി കണ്‍വീനര്‍ നന്ദകുമാറും ജയരാജനും തമ്മില്‍ എന്താണ് ബന്ധം? നന്ദകുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയെന്ന് പറയുന്നത് തെറ്റാണ്. അയാള്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അതുകൊണ്ടാണ് നന്ദകുമാര്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി ഇപ്പോള്‍ സംസാരിക്കുന്നത് -സതീശൻ ആരോപിച്ചു.

Tags:    
News Summary - VD satheesan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.