സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമികം; കോടതി പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സി.പി.എമ്മല്ല -വി.ഡി. സതീശൻ

കൊച്ചി: ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ഭരണഘടന കുന്തവും കൊടച്ചക്രമവുമാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യു.ഡി.എഫ് അംഗീകരിക്കില്ല. പൊലീസ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കൈ കടത്തി സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുത്തതാണ്. കേസില്‍ ഒരു കോടതിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. കോടതി തീരുമനത്തിന് വിധേയമായി മാത്രമേ സജി ചെറിയാന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കൂ. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യു.ഡി.എഫ് ശക്തിയായി എതിര്‍ക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി ഭരണഘടനയെയും അതിന്റെ ശില്‍പികളെയും അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് രാജി വച്ചത്. ഇതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായത്? പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിചാരണ കോടതി പോലും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കേസ് ഹൈക്കോടതിയുടെയും പരിഗണനയിലാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം സജി ചെറിയാനെ മന്ത്രിയാക്കാന്‍ സര്‍ക്കാര്‍ ധൃതി കാട്ടുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മന്ത്രിസ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ച പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സി.പി.എമ്മോ സര്‍ക്കാരോ പിന്‍വലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സി.പി.എം യോജിക്കുന്നുണ്ടോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും തകര്‍ക്കാര്‍ സംഘപരിവര്‍ ശക്തികള്‍ ശ്രമിക്കുന്നെന്ന് ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിക്കുന്ന കാലത്താണ് സി.പി.എം മന്ത്രിയായിരുന്ന ഒരാള്‍ ഗോള്‍വാള്‍ക്കറെ അനുകൂലിച്ചത്. സജി ചെറിയാന്റെ പ്രസംഗം എം.വി ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിനെ സി.പി.എം അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എം.വി ഗോവിന്ദനല്ല, കോടതിയാണ്. ഇത് പാര്‍ട്ടി കോടതി തീരുമാനിക്കേണ്ട വിഷയമല്ല.

ശശി തരൂരിന്റെ പ്രസ്താവന മാധ്യമങ്ങള്‍ ഇഷ്ടം പോലെ വ്യാഖ്യാനിക്കുകയാണ്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. വി.ഡി. സതീശന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടെന്നാണ് ഒരു മാധ്യമം വാര്‍ത്ത നല്‍കിയത്. എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമില്ല, ഇതുവരെ അവിടെയൊരു പരിപാടിയില്‍ പങ്കെടുത്തിട്ടുമില്ല. ഈ വിഷയത്തിലേക്ക് തന്നെ മനഃപൂര്‍വം വലിച്ചിഴയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പരാജയത്തിന്റെ പടുകുഴിയില്‍ വീണ പ്രസ്ഥാനത്തെയും മുന്നണിയെയും തിരിച്ച്‌കൊണ്ടുവരാന്‍ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്നവരാണ് ഞങ്ങളൊക്കെ.നേതൃതലത്തില്‍ ഇരിക്കുന്നവര്‍ വിമര്‍ശനം കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. അത്തരം വിമര്‍ശനങ്ങളോട് ക്രിയാത്മകമായി സ്വീകരിക്കും-സതീശൻ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. 2020-ല്‍ യു.ഡി.എഫ് ഉപസമതി പുറത്തിറക്കിയ ധവളപത്രത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന ധനപ്രതിസന്ധിയെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അന്ന് ഉന്നയിച്ച ഉത്കണ്ഠകള്‍ അടിവരയിടുന്നതാണ് ഇന്ന് നേരിടുന്ന പ്രതിസന്ധി. പൊലീസ് ജീപ്പില്‍ പെട്രോള്‍ അടിക്കാനോ ശമ്പളം നല്‍കാനോ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ പണമില്ല. എന്നിട്ടും ധൂര്‍ത്ത് നിയന്ത്രിക്കാന്‍ ധനവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. നികുതി പിരിവ് പൂര്‍ണമായും പരാജയപ്പെട്ടു. വാറ്റില്‍ നിന്നും ജി.എസ്.ടിയിലേക്ക് മാറിയിട്ടും നികുതിഭരണ സംവിധാനം മാറ്റാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല.

30 ശതമാനം ഉണ്ടാകേണ്ട നികുതി വരുമാനം 10 ശതമാനമായി കുറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാനാകാത്ത അപകടകരമായ ധന പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. എന്നാല്‍ ഇതൊക്കെ ഒളിപ്പിച്ച് വച്ചാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. ഇക്കാര്യങ്ങള്‍ നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

Tags:    
News Summary - VD Satheesan against Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.