പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ ക്രിമിനലുകളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതെന്തിനെന്ന് വി.ഡി സതീശൻ

കണ്ണൂര്‍: പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെങ്കില്‍ ക്രിമിനലുകളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആകാശ് തില്ലങ്കേരി ക്രിമിനലാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞിട്ടും ഷുഹൈബ് കൊലക്കാസ് സി.ബി.ഐ അന്വേഷിക്കുന്നതിനെ പാര്‍ട്ടിയും സര്‍ക്കാരും എതിര്‍ക്കുകയാണ്. പെരിയ, ഷുഹൈബ് കൊലക്കേസുകളില്‍ രണ്ട് കോടി 11 ലക്ഷം രൂപയാണ് ക്രിമിനലുകളെ സംരക്ഷിക്കാന്‍ നികുതിപ്പണത്തില്‍ നിന്നും സര്‍ക്കാര്‍ ചെലവാക്കിയത്.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഉപയോഗിച്ച ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ സി.പി.എമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ജയിലില്‍ കിടക്കുന്നവരുള്‍പ്പെടെ സി.പി.എം ഉപയോഗിച്ച എല്ലാ ക്രിമിനലുകളും നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സര്‍ക്കാരും സി.പി.എമ്മും. ഈ സംഘങ്ങള്‍ നടത്തുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളും കൊട്ടേഷന്‍ ഇടപാടുകലും കണ്ടില്ലെന്നു നടിക്കുകയും ജയിലിനകത്തും പുറത്തും അവരുടെ കുടുംബങ്ങള്‍ക്കും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും സി.പി.എം നിര്‍ബന്ധിതമായിരിക്കുകയാണ്.

ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യത്വം തൊട്ടുതെറിക്കാത്ത ക്രിമിനലുകളുടെ കൂടാരമായി സി.പി.എം മാറിയിരിക്കുന്നു. ക്രിമിനലുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പോലും പാര്‍ട്ടി ഇടമുണ്ടാക്കിക്കൊടുത്തു. ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ സി.പി.എം കടന്നു പോകുന്നത്.

ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനൊപ്പം സ്വപ്‌ന സുരേഷ് എന്ന സ്ത്രീയെ ഉപയോഗിച്ച് ധനസമ്പാദനം നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. സ്വപ്‌നയ്ക്ക് ജോലി വാങ്ങി നല്‍കാന്‍ ശിവശങ്കരനെ നിര്‍ബന്ധിച്ചത് മുഖ്യമന്ത്രിയാണെന്നാണ് ഇ.ഡി നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്ത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയും പണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആ സ്ത്രീയെ അവര്‍ ഉപയോഗിച്ചത്. എല്ലാ കുറ്റവും തലയില്‍ കെട്ടിവച്ചപ്പോഴാണ് വേറെയും പ്രതികളുണ്ടെന്ന് സ്വപ്‌ന ഇപ്പോള്‍ വിളിച്ച് പറയുന്നത്. ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിന്റെ മറ്റൊരു രൂപമാണ് സ്വപ്‌യുടെ വെളിപ്പെടുത്തലും. സ്വര്‍ണക്കടത്ത്, കൊട്ടേഷന്‍, കൊലപാതകം, അശ്ലീല പ്രചരണം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സി.പി.എം പങ്കാളിയാകുന്ന ദയനീയ കാഴ്ചയാണ് കേരളം കാണുന്നത്.

സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പൊലീസിനെയും ദുരുപയോഗം ചെയ്യുകയാണ്. ലഹരിമരുന്ന് മാഫിയകള്‍ക്ക് രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കുന്നതും ഇതേ സംഘമാണ്. 33 വര്‍ഷത്തെ ഭരണത്തിന്റെ അന്ത്യനാളുകളില്‍ ബംഗാളില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് കേരളത്തിലെ സി.പി.എമ്മും എത്തിയിരിക്കുകയാണ്.

ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടും അയാളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുതെന്നാണ് സി.പി.എം അവരുടെ അണികളോട് നിർദദേശിച്ചത്. നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് വീരവാദം മുഴക്കിയവര്‍ ജാമ്യം കിട്ടുന്ന കേസെടുത്ത് പുറത്തിറങ്ങാനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. ക്രിമിനലിന് മുന്നില്‍ പാര്‍ട്ടി പേടിച്ച് വിറച്ച് നില്‍ക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണ് കൊന്നതെന്ന് ഒരു ക്രിമിനല്‍ പറഞ്ഞിട്ടും അന്വേഷിക്കാനുള്ള ധൈര്യം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

ഷുഹൈബ് വധത്തിന് പിന്നിലുള്ള ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കണം. ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട്. ഗൂഡാലോചന നടത്തിയവരുടെ പേര് പുറത്ത് വരാതെ കൊട്ടേഷന്‍ സംഘങ്ങളെ മാത്രം ജയിലിലാക്കിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഷുഹൈബിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെങ്കില്‍ എന്തിനാണ് നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ക്രിമിനലുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - VD Satheesan asked why crores were spent from the exchequer to save criminals if the party had no connection.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.