തിരുവനന്തപുരം: സി.പി.എം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസ്, മുതിർന്ന സി.പി.എം നേതാവ് പി. ജയരാജനെയും മകനെയും കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മനു തോമസിന്റെ ജീവന് ഭീഷണിയുണ്ടെന്നും വലിയ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
മനു തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലുകളാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും. ഇരുവരും ചേർന്ന് മനുവിനെ ഭീഷണിപ്പെടുത്തുകയാണ്. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി മാറിയിരിക്കുന്നു. സി.പി.എമ്മിന് ജീർണത സംഭവിച്ചു എന്ന് കോൺഗ്രസ് പറഞ്ഞ കാര്യമാണ് മനു തോമസ് പറഞ്ഞത്. കേരളത്തിൽ മയക്കുമരുന്ന് മാഫിയ തഴച്ചു വളരുന്നതിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ടി.പി കേസിലെ പ്രതികൾ പരോളിൽ പോയി സ്വർണം പൊട്ടിക്കുന്നു. തോന്നിയത് പോലെയാണ് ഇവർക്ക് പരോൾ കൊടുക്കുന്നത്. ജയിലിൽ നിന്ന് വരെ ക്വട്ടേഷൻ നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ്. മനു തോമസിന്റെ വെളിപ്പെടുത്തലിൽ സർക്കാർ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ മനു തോമസ് ഉന്നയിച്ച ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയനോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല. സി.പി.എം പ്രതിക്കൂട്ടിൽ ആകുന്ന ഒന്നും ചർച്ച ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നോട്ടീസ് ചർച്ചയ്ക്കെടുക്കാത്തിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
തിരുവനന്തപുരം: ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കേണ്ട മറുപടി സ്പീക്കര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ.എൻ. ഷംസീർ കഴിഞ്ഞദിവസം നല്‍കിയ കത്തിലെ വാചകങ്ങള്‍ തെറ്റെന്ന് പ്രതിപക്ഷം. ആഭ്യന്തരവകുപ്പിന്റെ ഫയല്‍ ഒരിക്കലും ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് പരിശോധിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ‘പത്രവാര്‍ത്ത വന്നു’ എന്നാണ് കത്തില്‍ പറഞ്ഞത്. പത്രവാര്‍ത്ത മാത്രമല്ല, ജയില്‍ സൂപ്രണ്ട് കമീഷണര്‍ക്ക് നല്‍കിയ കത്തും മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് കെ.കെ. രമയുടെ മൊഴിയെടുത്തതും ഉള്‍പ്പെടെ നിരവധി തെളിവുകളുണ്ട്. .
ശിക്ഷായിളവ് നല്‍കരുതെന്ന് ഹൈകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടും കെ.കെ. രമയുടെ മൊഴിയെടുത്ത സാഹചര്യത്തെ കുറിച്ചാണ് പറയേണ്ടത്. പ്രതിപക്ഷം പറഞ്ഞിട്ടാണ് കണ്ണൂര്‍ ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ രമയുടെ മൊഴിയെടുത്തതെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. പിണറായി വിജയന്‍ കസേരയിലിരിക്കുമ്പോള്‍ പ്രതിപക്ഷമാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന സംശയമുണ്ടെങ്കില്‍ ആ കസേരയിലിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞതിന്റെ അർഥം. ടി.പി വധക്കേസ് ഗൂഢാലോചനയില്‍ പങ്കാളികളായ സി.പി.എം നേതാക്കളുടെ പേര് പുറത്തുപറയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും സതീശൻ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.