സി.പി.എം നടത്തുന്നത് ഫലസ്തീൻ റാലി, എന്നാൽ ചർച്ചയാക്കുന്ന വിഷയം ലീഗും സമസ്തയും യു.ഡി.എഫും -വി.ഡി. സതീശൻ

കൊച്ചി: ഫലസ്തീൻ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ സി.പി.എം. ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റാലി നടത്താൻ തീരുമാനിച്ച സി.പി.എം ഫലസ്തീനെ കുറിച്ചല്ല ചർച്ച ചെയ്യുന്നത്. ഫലസ്തീന്‍റെ മറവിൽ മുസ് ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണ് ചർച്ചാ വിഷയമാക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.

നിരവധി പേർ മരിച്ചു വീഴുകയും കുഞ്ഞുങ്ങളുടെ നിലവിളി ഉയരുകയും ചെയ്യുന്ന വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നും സതീശൻ ആരോപിച്ചു.

ആര്യാടൻ ഷൗക്കത്തിന്‍റെ വിഷയം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. അക്കാര്യങ്ങൾ കെ.പി.സി.സി അധ്യക്ഷൻ പറയും. സംഘടനാപരമായ വിഷയങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ടാകും. എന്തു കൊണ്ടാണ് എം.എം ലോറസ് 100 വയസുള്ള വി.എസിനെ കുറിച്ച് മോശമായി എഴുതിയതെന്ന് മാധ്യമപ്രവർത്തകർ പിണറായി വിജയനോട് ചോദിക്കുന്നില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

ഫലസ്തീൻ റാലിയിൽ നിന്ന് പിന്മാറാൻ മുസ് ലിം ലീഗിന് മേൽ സമ്മർദം ചെലുത്തേണ്ട ആവശ്യം കോൺഗ്രസിനില്ല. റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാൽ അവരും യു.ഡി.എഫിനെ ക്ഷണിച്ചാൽ മുന്നണിയുമാണ് തീരുമാനം എടുക്കേണ്ടത്. കോൺഗ്രസും ലീഗും രണ്ട് രാഷ്ട്രീയ പാർട്ടികളാണ്. മുന്നണി സംവിധാനത്തിൽ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.

ലീഗുമായുള്ളത് സാഹോദര്യ ബന്ധമാണ്. ലീഗും കോൺഗ്രസും വിരുദ്ധ തീരുമാനമെടുത്ത് പരസ്പരം വിഷമിപ്പിച്ചിട്ടില്ല. എല്ലാവരും വിചാരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. ലീഗ് അണികളിൽ വിഭാഗീയതയില്ല.

കേരളീയം പരിപാടി സി.പി.എം പരിപാടിയാണെന്ന കൈരളി ചാനൽ റിപ്പോർട്ടറിന്‍റെ പരാമർശത്തോടും സതീശൻ പ്രതികരിച്ചു. കേരളീയം പരിപാടി സി.പി.എം പരിപാടിയാണെന്ന തന്‍റെ ആരോപണം ശരിവെക്കുന്നതാണ് റിപ്പോർട്ടറുടെ പരാമർശമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മണിശങ്കർ അയ്യരോട് കേരളീയം സി.പി.എം പരിപാടിയാണെന്നും പങ്കെടുക്കരുതെന്നും പറഞ്ഞിരുന്നു. മണിശങ്കർ അയ്യർ പങ്കെടുത്ത വിവരം എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും അവർ പരിഹാരം കാണട്ടെ എന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan react to CPM Palestine Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.