തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതക്ക് പ്രധാന കാരണം. യൂണിറ്റിന് നാലു രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴു വര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാറിന്‍റെ ഇരുട്ടടി. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്‍റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂനിറ്റിന് 16 പൈസയാണ് സർക്കാർ വർധിപ്പിച്ചത്. നിരക്ക് വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 10 പൈസ സമ്മർ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം തള്ളി. അടുത്ത വർഷം 12 പൈസ വർധിപ്പിക്കും. ഇതോടെ അടുത്ത സാമ്പത്തിക വർഷം മുതൽ യൂനിറ്റിന് 28 പൈസയുടെ വർധനവുണ്ടാകും.
ഫിക്സഡ് ചാർജും വർധിപ്പിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി 2024-25 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് ശരാശരി 37 പൈസയുടെ വർധനവ് ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമീഷൻ 16 പൈസയുടെ വർധനവിനാണ് അംഗീകാരം നൽകിയത്. കൂടാതെ, 2025-26 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് 27 പൈസയുടെ വർധന ശുപാർശ ചെയ്തെങ്കിലും യൂനിറ്റിന് 12 പൈസയുടെ നിരക്കു വർധന മാത്രമേ കമീഷൻ അംഗീകരിച്ചിട്ടുള്ളു. യൂനിറ്റിന് 10 പൈസ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ നിർദേശവും റെഗുലേറ്ററി കമീഷൻ അംഗീകരിച്ചില്ല.
2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിൽ വർധന വരുത്തിയിരുന്നു. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല. 32,000 ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ താരിഫ് വർധിപ്പിച്ചിട്ടില്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ അർബുദ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ വീട്ടിലുള്ളവർക്ക് പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വർധന ഇല്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് തുടരും. ചെറിയ വർധനവാണ് വരുത്തിയതെന്നും നിവൃത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിക്കേണ്ടിവന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.