തിരുവനന്തപുരം: ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോടിയേരി പറഞ്ഞത് നടി കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്നാണ്. ദുരൂഹതയുള്ള കേസ് ആണെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി അതിജീവിതയെ കണ്ടതെന്നും സതീശൻ ചോദിച്ചു.
അതിജീവിത ഞങ്ങള്‍ക്ക് മകളാണ്. ഒരു മകള്‍ക്കും അത്തരമൊരു ദുരനുഭവം ഉണ്ടാകരുത്. അതിജീവിതക്ക് പിന്തുണയും ആത്മവിശ്വാസവും പകരുകയാണ് വേണ്ടത്. യു.ഡി.എഫ് അതിജീവിതക്കൊപ്പമാണ്. അതിജീവിത ഹൈകോടതിയില്‍ പരാതി നല്‍കാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ഭരണകക്ഷിയിലെ പ്രമുഖര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത കോടതിക്ക് മുന്നില്‍ ഉന്നയിച്ചത്. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി യു.ഡി.എഫ് ഉപയോഗിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഹരജി നല്‍കിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയത് കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും ആന്റണി രാജുവും എം.എം മണിയുമാണ്. അവര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം. അന്വേഷണം ശരിയായ രീതിയില്‍ പോകണം. അതിന് വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് യു.ഡി.എഫുണ്ടാകും.
കോടതിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് പി.സി ജോര്‍ജ് ഇപ്പോള്‍ ജയിലിലായത്. സര്‍ക്കാരും പി.സി. ജോര്‍ജും സി.പി.എമ്മും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് കഴിഞ്ഞ തവണ ജാമ്യം ലഭിച്ചത്. ജോര്‍ജിന് വീരപരിവേഷം നല്‍കി, പൂക്കള്‍ വിതറി സ്വീകരിക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് അവസരം നല്‍കിയതും ഈ സര്‍ക്കാരാണ്. അതുകൊണ്ടാണ് എറണാകുളത്തും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത്. ഇന്നലെയും അറസ്റ്റിലായ ജോര്‍ജിന് വേണ്ടി തിരുവനന്തപുരം പൊലീസ് ക്യാമ്പിന് മുന്നില്‍ പുഷ്പരവതാനി വരിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാരും പൊലീസും അവസരം ഒരുക്കിക്കൊടുത്തു.
പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നലെ മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രി ഇതുവരെ എവിടെയായിരുന്നു? ഒരു വര്‍ഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന ശക്തമായ നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കുകയും കേരളത്തിന്റെ പൊതു മനഃസാക്ഷി അത് സ്വീകരിച്ചുവെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായത്. അതുവരെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായും ആര്‍.എസ്.എസുമായും സി.പി.എമ്മും മുഖ്യമന്ത്രിയും വിലപേശുകയായിരുന്നു.
ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും മാറി മാറി പ്രീണിപ്പിച്ച് കേരളത്തിന്റെ പൊതുമണ്ഡലത്തെ ഇത്രയേറെ മലീമസമാക്കിയത് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്. തൃക്കാക്കരയില്‍ എല്ലാ വര്‍ഗീയവാദികളെയും കാണാന്‍ മന്ത്രിമാരെ നിയോഗിച്ചിരിക്കുകയാണ്. ജയിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പാണെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കാനാണ് ശ്രമം. 20 മന്ത്രിമാരാണ് ഒരു മാസമായി വര്‍ഗീയവാദികളുടെ പിന്നാലെ നടക്കുന്നത്. ഒരു വര്‍ഗീയവാദികളുടെയും തിണ്ണ യു.ഡി.എഫ് നിരങ്ങില്ല. മതേതര വാദികളുടെ വോട്ട് കൊണ്ട് ജയിക്കാന്‍ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നത്. അത് കേരളത്തില്‍ ഒരു പുതിയ ചരിത്രത്തിനാകും തുടക്കം കുറിക്കുക.
ഈരാറ്റുപേട്ടയില്‍ നിന്നും അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ റിമാന്‍ഡില്‍ വിട്ടിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചേനെ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും പി.സി ജോര്‍ജും നടത്തിയ നാടകമാണ് കേരളം കണ്ടത്. ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചെത്തുന്നയാളെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. പി.ഡി.പി വര്‍ഗീയ കക്ഷി അല്ലെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. 25 വര്‍ഷമായി ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. ഇത്തവണ പിന്തുണ നല്‍കാതെ വന്നതോടെ അവര്‍ വര്‍ഗീയവാദികളായി.
രണ്ട് കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പ്രകടനം നടത്താന്‍ അനുമതി കൊടുക്കാന്‍ മുകളില്‍ നിന്ന് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രകടനത്തിന് അനുമതി നല്‍കിയ എസ്.പിയുടെയും ജില്ലാ കളക്ടറുടെയും നടപടിയെ കുറിച്ചും അന്വേഷിക്കണം. പാലക്കാട് സമാധാന സത്യഗ്രഹം നടത്താന്‍ കെ.പി.സി.സി അനുമതി ചോദിച്ച് നല്‍കിയില്ല. അങ്ങനെയുള്ള സര്‍ക്കാരാണ് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ അനുവദിച്ചതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.