ബിഷപ്പിനെ പ്രതിയാക്കിയത് പ്രകോപനം സൃഷ്ടിക്കാൻ; പിണറായിയെ പ്രതിയാക്കുമോ എന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രകോപനം സൃഷ്ടിക്കാനുള്ള മനഃപൂർവമായ ശ്രമത്തിന്‍റെ ഭാഗമാണ് സംഘർഷമെന്നും സതീശൻ പറഞ്ഞു.

ഇന്നലെയുണ്ടായ സംഘർഷങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്. സി.പി.എം പ്രവർത്തകർ നടത്തുന്ന സമരത്തിൽ പിണറായി വിജയനെയും ഗോവിന്ദൻ മാസ്റ്ററെയും പ്രതികളാക്കുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ചർച്ച ചെയ്യാൻ പൊലീസ് സ്റ്റേഷനിലെത്തിയ പള്ളി കമ്മിറ്റി ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. സമരം പൊളിക്കാൻ സി.പി.എം-ബി.ജെ.പി ശ്രമമാണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.

സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ചേര്‍ന്ന് വിഴിഞ്ഞം സമരം പൊളിക്കാന്‍ നടക്കുകയാണ്. സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്.

ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നാല് വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ട്. തീരദേശവാസികള്‍ വികസനത്തിന്റെ ഇരകളാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയാണ്.

സമരം ചെയ്തത് കൊണ്ട് അദാനിക്കുണ്ടായ 200 കോടിയുടെ നഷ്ടം ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സി.പി.എമ്മില്‍ നിന്നും ഈടാക്കേണ്ടി വരും. അക്രമസമരങ്ങളിലൂടെ സി.പി.എം സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താന്‍ എ.കെ.ജി സെന്ററും സെക്രട്ടറിയേറ്റും വിറ്റാല്‍ പോലും തികയില്ല.

എന്തിനാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. അവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളല്ലേ. എത്രയും വേഗം അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

Tags:    
News Summary - VD Satheesan react to Vizhinjam conflicts and K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.