സി.പി.എമ്മിനെ കേരളത്തില്‍ കുഴിച്ചുമൂടി വാഴ വച്ചിട്ടേ പിണറായി പോകൂ; ബംഗാളിലെ തനിയാവര്‍ത്തനമാകുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരാണോ അതോ മഫിയ സംഘമാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്നത് സ്വര്‍ണക്കള്ളക്കടത്ത് ആരോപണമായിരുന്നു. ആ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നൂറ് ദിവസം ജയിലില്‍ കിടന്നു. മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെയാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ അന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ കേന്ദ്ര സര്‍ക്കാരുമായും ബി.ജെ.പിയുമായും അവിഹിത ബാന്ധവമുണ്ടാക്കി. അതിന്റെ ബലത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടരുന്നത്. മാഫിയാ സംഘങ്ങളും വളരുകയാണെന്നും കെ.പി.സി.സി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോള്‍ ആ ഉപജാപകസംഘം ചെയ്ത തെറ്റുകള്‍ ഓരോന്നായി ഭരണകക്ഷി എം.എല്‍.എ തന്നെ പുറത്തു പറയുകയാണ്. ഇ.എം.എസിന്റെ കാലം മുതല്‍ ഇന്നുവരെ ഏതെങ്കിലും ഒരു ഭരണകക്ഷി എം.എല്‍.എ സര്‍ക്കാറിനെതിരെ വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍ അധികാരത്തില്‍ ഇരുന്നവര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയുടെ ഉപജാപകസംഘത്തില്‍ ഉള്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നില്‍ക്കുന്നുവെന്നാണ് ആരോപണം.

കസ്റ്റംസ് ഏരിയയില്‍ നിന്നും നിയമവിരുദ്ധമായി പൊലീസ് സ്വര്‍ണം പിടിച്ച് മറ്റൊരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് ആ സ്വര്‍ണത്തില്‍ നിന്നും മുക്കാല്‍ ഭാഗവും അടിച്ചുമാറ്റി കാല്‍ ഭാഗം മാത്രം കേസെടുക്കുന്നതിന് വേണ്ടി കസ്റ്റംസിന് കൈമാറുന്നു. സ്വര്‍ണക്കള്ളക്കടത്തിന്റെ ഭാഗമായി എ.ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും അറിവോടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. കൊല്ലപ്പെട്ട മാമിയുടെ ഭാര്യയും അന്വേഷണ ഉദ്യോഗസ്ഥനും സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിറച്ചു നില്‍ക്കുകയാണ്. ആ കൊലപാതകത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും ബന്ധമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അന്വേഷണത്തിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കാത്തത്?

സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കാന്‍ വരെ മടിക്കാത്തവരുടെ സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നത്. എസ്.പി ഓഫീസിലെ മരം വരെ വെട്ടിമാറ്റുകയാണ്. ഇവര്‍ കുറച്ചു നാള്‍ കൂടി ഇരുന്നാല്‍ ഈ സെക്രട്ടേറിയറ്റിനെ വരെ വീട്ടില്‍ കൊണ്ടു പോകും. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ചാനല്‍ ഉടമയുടെ കയ്യില്‍ നിന്നും രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതും ഭരണകക്ഷി എം.എല്‍.എയാണ്. പ്രതിയെ പിടിക്കാന്‍ പൊലീസുകാര്‍ പോയപ്പോള്‍ എ.ഡി.ജി.പി തന്നെ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. എല്ലാ ഒറ്റുകാരും മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.

എ.ഡി.ജി.പി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എന്ത് കാര്യമാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി പിണറായി വിജയന് സംസാരിക്കാനുള്ളത്? ബി.ജെ.പിക്ക് തൃശൂരില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന് പറയാനാണ് പിണറായി വിജയന്‍ എ.ഡി.ജി.പിയെ അയച്ചത്. അതിന് പകരമായി കേസില്‍പ്പെടുത്തരുതെന്ന ആവശ്യവും മുന്നോട്ടു വച്ചു. ബി.ജെ.പിക്ക് വേണ്ടിയാണ് പൊലീസ് ഇടപെട്ട് തൃശൂര്‍ പൂരം കലക്കിയത്. കമ്മിഷണര്‍ അഴിഞ്ഞാടിയപ്പോള്‍ എ.ഡി.ജി.പി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. അജിത്കുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ബി.ജെ.പിക്ക് വേണ്ടിയാണ് പൂരം കലക്കിയത്. പൂരം കലക്കി പിണറായി വിജയന്‍ എന്നാകും മുഖ്യമന്ത്രി അറിയപ്പെടുക. പൂരം കലക്കാന്‍ മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയ ബി.ജെ.പിയാണോ ഹിന്ദുക്കളുടെ സംരക്ഷകര്‍? ന്യൂനപക്ഷ പ്രേമമുള്ള സി.പി.എമ്മാണ് ബി.ജെ.പിയുമായി ചേര്‍ന്ന് പൂരം കലക്കാന്‍ ഇറങ്ങിയത്. നിയമവിരുദ്ധമായ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ബി.ജെ.പിയുടെ കുട ചൂടുന്നത്. ബി.ജെ.പിയുടെ തണലിലാണ് പിണറായി വിജയന്‍ ജീവിക്കുന്നതു തന്നെ.

പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എ.ഡി.ജി.പിക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് ഒരു പാവം ഡി.ജി.പിയാണ്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ജൂനിയര്‍ ഉദ്യോഗസ്ഥരെയും. എസ്.പിക്കെതിരെ കേസ് വന്നാല്‍ എസ്.ഐ ആണോ അന്വേഷിക്കേണ്ടത്? ഈ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശശിയെയും അജിത് കുമാറിനെയും മാറ്റി നിര്‍ത്താനുള്ള ധൈര്യം പിണറായി വിജയനില്ല. നേരത്തെ എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി വിജയന്‍. ഭീരുവായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇതൊക്കെ കേരളം കണ്ടു കൊണ്ടിരിക്കുകയാണ്. ആളിക്കത്തുന്ന ജനവികാരത്തില്‍ സര്‍ക്കാര്‍ എരിഞ്ഞടങ്ങും. സി.പി.എമ്മിനെ കേരളത്തില്‍ കുഴിച്ചു മൂടി വാഴ വച്ചിട്ടേ പിണറായി വിജയന്‍ പോകൂ. അതിന്റെ കര്‍മ്മങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബംഗാളിലെ തനിയാവര്‍ത്തനമാകും കേരളത്തിലും സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - V.D. Satheesan said that it will be repeated in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.